മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന് വേണ്ടി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ആരാധകർ. ഈ മാസം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തും. ഇതിനിടെ തന്റെ പുതിയ ലുക്ക് കഴിഞ്ഞ ദിവസം പൃഥ്വിരാജ് പങ്കുവച്ചിരുന്നു. സംവിധാനം ചെയ്ത സിനിമ പൂർത്തിയാക്കി കെെമാറിയെന്നും ഇനി നടനെന്ന നിലയിൽ പുതിയ ഭാവമാണെന്നുമാണ് പൃഥ്വി ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്.
ഒപ്പം മറ്റൊരു ഭാഷയിൽ സംഭാഷണം പറയേണ്ടതിനെക്കുറിച്ചുള്ള പരിഭ്രമവും താരം പങ്കുവച്ചിട്ടുണ്ട്. നടന്റെ പുതിയ ചിത്രം ആരുടെ കൂടെയാണെന്ന് ചൂടുപിടിച്ച ചർച്ചകൾ നടക്കുന്നതിനിടെ പൃഥ്വിയുടെ അമ്മയും നടിയുമായ മല്ലികയുടെ കമന്റാണ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ച. പൃഥ്വിയുടെ പുതിയ ചിത്രം എഐ ആണെന്ന ഒരു കമന്റിന് മറുപടിയുമായാണ് മല്ലിക സുകുമാരൻ എത്തിയത്. പൃഥ്വിയുടെ ഫോട്ടോ എഐ അല്ലെന്നും രാജമൗലി ചിത്രത്തിനായി പുറപ്പെടുകയാണെന്നുമായിരുന്നു മല്ലിക സുകുമാരന്റെ മറുപടി.

കാര്യങ്ങൾ അന്വേഷിക്കാതെ തർക്കിക്കരുതെന്നും എന്നോട് ചോദിച്ചു കൂടെയെന്നും മല്ലിക കുറിച്ചു. പൃഥ്വിയുടെ സസ്പെൻസ് അമ്മ പൊട്ടിച്ചുവെന്നാണ് പലരും കമന്റ് ചെയ്യുന്നത്. രാജമൗലി ചിത്രത്തിൽ പൃഥ്വിരാജ് വില്ലനായി എത്തുന്നുവെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല. ഇപ്പോഴിതാ ഇത് ശരിവയ്ക്കുന്നതാണ് മല്ലിക സുകുമാരന്റെ കമന്റ്. ഇത് തമാശ രൂപത്തിൽ പറഞ്ഞതാണോയെന്നത് സംബന്ധിച്ചും വ്യക്തതയില്ല. എന്തായാലും ഇതുസംബന്ധിച്ച് ആരാധകർക്കിടയിൽ ചർച്ചങ്ങൾ സജീവമാണ്.