കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തതിൽ വിശദീകരണവുമായി രാഹുൽ

പാലക്കാട്: ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തു. പാലക്കാട് കണ്ണാടി മണ്ഡലം കോൺഗ്രസ് യോഗത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്. കണ്ണാടി മണ്ഡലം പ്രസിഡന്റ് പ്രസാദ് കണ്ണാടി ഉൾപ്പെടെ നേതാക്കൾ പങ്കെടുത്തു.
എന്നാൽ സംഭവത്തിൽ വിശദീകരണവുമായി രാഹുൽ മാങ്കൂട്ടത്തിലും രംഗത്തെത്തിയിരുന്നു. കണ്ണാടി മണ്ഡലത്തിൽ നടന്നത് യോഗമല്ലെന്നും രാഷ്ട്രീയമാണ് ചർച്ച ചെയ്തതെന്നും അദ്ദേഹം പ്രതികരിച്ചു. പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതുവരെ കോൺഗ്രസ് ഔദ്യോഗിക ഓഫീസുകളിൽ കയറുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
സസ്‌പെൻഷനിലായി കഴിഞ്ഞാൽ ഞാൻ വേറെ പാർട്ടിയാണോ? യോഗം നടന്നാലല്ലേ മറുപടി പറയാൻ പറ്റൂ. നടക്കാത്ത യോഗത്തെപ്പറ്റി എങ്ങനെ മറുപടി പറയും. യോഗത്തിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ പങ്കെടുത്തുവെന്ന് പറയും. കൈ ചിഹ്നത്തിൽ ജയിച്ച എംഎൽഎയാണ്. ഐക്യജനാധിപത്യ മുന്നണിയുടെ എല്ലാ സ്ഥാനാർത്ഥികളും ജയിക്കണമെന്ന് താത്പര്യമുള്ളയാളാണ്.
അതിനുവേണ്ടി എന്നെക്കൊണ്ട് കഴിയുന്ന എല്ലാ പ്രവർത്തനങ്ങളും നടത്തും. പാലക്കാട് എന്നല്ല, ഏത് സ്ഥലത്തുവച്ചും നല്ല യുഡിഎഫുകാരെ കണ്ടാൽ എന്തായി തിരഞ്ഞെടുപ്പെന്ന് ചോദിക്കും’- രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.അതേസമയം, ഇതുവരെ രാഹുലിന്റെ സസ്പെൻഷൻ കോൺഗ്രസ് പിൻവലിച്ചിട്ടില്ല. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് യോഗങ്ങളിൽ രാഹുൽ പങ്കെടുത്തതായുള്ള വാർത്തകൾ പുറത്തുവരുന്നത്. സസ്പെൻഷനിലിരിക്കുമ്പോഴും കോൺഗ്രസ് യോഗങ്ങളിലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും രാഹുൽ മണ്ഡലത്തിൽ സജീവമാണ്.



