പുനർജനി കേസ് നിയമപരമായി നിലനിൽക്കില്ല, സിബിഐ അന്വേഷണം സ്വാഗതം ചെയ്യുന്നു

തിരുവനന്തപുരം: പുനർജനി കേസിൽ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്തുവെന്ന വാർത്ത ശരിയാണെന്ന് താൻ കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അങ്ങനെയൊരു കേസ് നിലനിൽക്കില്ലെന്നും അതിനാൽ സിബിഐയ്ക്ക് ശുപാർശ ചെയ്യാൻ കഴിയില്ലെന്നും സതീശൻ മാദ്ധ്യമങ്ങളോട് വ്യകത്മാക്കി.
ഈ കേസ് നിലനിൽക്കില്ലെന്ന് കണ്ട് വിജിലൻസ് തന്നെ ഉപേക്ഷിച്ചതാണ്. നാല് – അഞ്ച് വർഷമായി അന്വേഷണം നടക്കുന്നുണ്ട്. നിയമപരമായി ഈ കേസ് നിലനിൽക്കില്ല. നൂറ് ശതമാനം കൃത്യമായ നടപടിയാണ് ഞാൻ ചെയ്തത്. അതിന്റെ തെളിവുകൾ എല്ലാം എന്റെ കെെയിലുണ്ട്. ഇനി അന്വേഷണം വന്നാലും കുഴപ്പമില്ല. ഞാൻ മുൻപ് തന്നെ എല്ലാ തെളിവും ഹാജരാക്കിയതാണ്.
അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് മുൻപും പറഞ്ഞത്.മാർച്ച് ആദ്യം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ പോകുകയാണ്. അപ്പോൾ ജനുവരിയിൽ എനിക്കെതിരെ ഒരു കേസ് ആയിക്കോട്ടെയെന്ന് ആലോചിച്ച് ആണ് ഈ നടപടിയെങ്കിൽ എനിക്ക് ഒരു വിരോധവുമില്ല. അത് രാഷ്ട്രീയമായും നിയമപരമായും നേരിടാൻ റെഡിയാണ്. സിബിഐയ്ക്ക് കേസ് വിടട്ടെ’- വിഡി സതീശൻ വ്യക്തമാക്കി.പുനർജനി കേസിൽ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ മുഖ്യമന്ത്രി പിണറായി വിജയന് കെെമാറിയിട്ടുണ്ടെന്നാണ് വിവരം.
പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാണ് വിജിലൻസിന്റെ ശുപാർശ. ഒരു വർഷം മുൻപാണ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്ത ശുപാർശ ചെയ്തത്.എഫ്സിആർഎ നിയമത്തിന്റെ ലംഘനവും സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനവും ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലൻസ് ശുപാർശ ചെയ്തിരിക്കുന്നത്.



