‘ഇതിന് മുകളിൽ വേറെ ഒന്നുമില്ല’; മമ്മൂട്ടിയുടെ വാക്കുകളിൽ വൈകാരിക കുറിപ്പുമായി പൃഥ്വിരാജ്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ നാളെ തിയേറ്ററുകളിൽ എത്തുകയാണ്. മോഹൻലാൽ നായകനായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനുവേണ്ടി മലയാളികൾ മാത്രമല്ല, സിനിമാലോകം മുഴുവൻ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന് ആശംസകൾ അറിയിച്ച മമ്മൂട്ടിക്ക് നന്ദി പറയുകയാണ് എമ്പുരാന്റെ സംവിധായകനും നടനുമായ പൃഥിരാജ്.

എമ്പുരാനിലെ മുഴുവൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ഒരു ചരിത്ര വിജയത്തിനായി ആശംസകൾ! ലോകമെമ്പാടുമുള്ള അതിരുകൾ ഭേദിച്ച് ചിത്രം മലയാള ചലച്ചിത്ര വ്യവസായത്തിന് മുഴുവൻ അഭിമാനം പകരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രിയപ്പെട്ട ലാലിനും പൃഥ്വിക്കും, ആശംസകൾ’- എന്നാണ് മമ്മൂട്ടി ഫേസ്‌‌ബുക്കിൽ കുറിച്ചത്. ഇതിൽ പ്രതികരിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ‘മലയാളം സിനിമയുടെ കുടുംബനാഥനിൽ നിന്നുള്ള ആശംസയേക്കാൾ അതിന് മുകളിലൊന്നുമില്ല, മമ്മൂക്കയ്ക്ക് നന്ദി’- എന്നാണ് പൃഥ്വിരാജ് ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചത്.എമ്പുരാന്റെ ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ 6,45,000 ടിക്കറ്റുകൾ ആണ് ബുക്ക് മൈ ഷോ വഴി മാത്രം ഇന്ത്യയിൽ വിറ്റഴിച്ചത്.

ഇത് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണ്. ഇന്ത്യൻ സിനിമയിലെ പല ബിഗ് ബഡ്‌ജറ്റ് ചിത്രങ്ങളുടെയും റെക്കാഡാണ് എമ്പുരാൻ ഭേദിച്ചിരിക്കുന്നത്. ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകൾ വിറ്റിരുന്നു.ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്‌കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുരളി ഗോപിയാണ് രചന. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണിത്. നാളെ ഇന്ത്യൻ സമയം രാവിലെ ആറ് മണി മുതലാണ് ചിത്രത്തിന്റെ പ്രദർശനം ആരംഭിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *