മോഹൻലാൽ – പൃഥ്വിരാജ് ചിത്രമായ എമ്പുരാൻ റിലീസ് ചെയ്യാൻ ഇനി വെറും മൂന്ന് ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. എമ്പുരാനായി ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാളികൾ. മാർച്ച് 27ന് രാവിലെ ആറുമണിക്കാണ് ഇന്ത്യയിലും ആഗോളതലത്തിലും ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കാനൊരുങ്ങുകയാണ് ആരാധകർ. ഇപ്പോഴിതാ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കൾ കൂടിയായ ആശീർവാദ് സിനിമാസ്.
എക്സിലൂടെയാണ് ആശിർവാദ് സിനിമാസ് ഇത്തരമൊരു ആവശ്യവുമായി എത്തിയത്. ‘മാർച്ച് 27ന് നമുക്ക് ബ്ലാക്ക് ഡ്രസ്റ്റ് കോഡ് ആയാലോ?’ എന്നാണ് ആശിർവാദ് സിനിമാസ് എക്സ് പേജിൽ ചോദിച്ചിരിക്കുന്നത്. പേജിൽ പോൾ രൂപത്തിലാണ് ഇത് ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത്. ആരാധകർക്ക് അഭിപ്രായം രേഖപ്പെടുത്താനും ഓപ്ഷനുണ്ട്. പോളിൽ 91ശതമാനം ആരാധകരും അതിന് യെസ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആരാധകർ ഈ ആശയം ഏറ്റെടുത്തുവെന്ന് തന്നെ പറയാം. ഇതിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജും പ്രതികരണവുമായി രംഗത്തെത്തി. ‘ആ ഡ്രസ്റ്റ് കോഡിനോട് യോജിക്കുന്നു. ലാലേട്ടന്റെ കാര്യവും ഞാൻ ഏറ്റു’ എന്നാണ് താരം കുറിച്ചത്.