ശശി തരൂരും കോൺഗ്രസും തമ്മിലുള്ള ഭിന്നത ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചക്കിടെ പരോക്ഷമായി സൂചിപ്പിച്ച് പ്രധനാമന്ത്രി നരേന്ദ്രമോദി

ദില്ലി: ശശി തരൂരും കോൺഗ്രസും തമ്മിലുള്ള ഭിന്നത ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചക്കിടെ പരോക്ഷമായി സൂചിപ്പിച്ച് പ്രധനാമന്ത്രി നരേന്ദ്രമോദി. വിദേശത്തേക്ക് പോയ പ്രതിനിധി സംഘങ്ങളെ അഭിനന്ദിക്കുന്നുവെന്ന് മോദി പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന്‍റെ ഉന്നത നേതൃത്വം അതിനെയും എതിര്‍ത്തു. ചില നേതാക്കളെ പാര്‍ലമെന്‍റില്‍ സംസാരിക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്നും മോദി പറഞ്ഞത് ബഹളത്തിനിടയാക്കി. ഓപ്പറേഷന്‍ മഹാദേവിനെ കുറിച്ച് അമിത് ഷാ സംസാരിച്ചപ്പോൾ ശശി തരൂര്‍ ഡസ്കില്‍ അടിച്ച് ആഹ്ളാദം പ്രകടിപ്പിച്ചിരുന്നു.
അതേസമയം, കോൺഗ്രസിനെതിരെ അതിരൂക്ഷ വിമർശനമാണ് മോദി ഉന്നയിച്ചത്. പ്രതിപക്ഷം ശ്രമിക്കുന്നത് ഇന്ത്യൻ സൈന്യത്തിന്‍റെ മനോവീര്യം തകർക്കാനാണെന്നടക്കം മോദി കുറ്റപ്പെടുത്തി. പാകിസ്ഥാൻ ഉയർത്തുന്ന വിഷയങ്ങൾ ഇറക്കുമതി ചെയ്ത് ഏറ്റെടുക്കേണ്ട ഗതികേടിലാണ് കോൺഗ്രസെന്നും പാർലമെന്റിലെ ചർച്ചയിൽ മോദി പറഞ്ഞു. പാകിസ്ഥാൻ ഉയർത്തുന്ന വിഷയങ്ങൾ ഏറ്റെടുത്ത് സൈന്യത്തിന്റെ മനോവീര്യം തകർക്കുകയാണ് പ്രതിപക്ഷമെന്നതടക്കമുള്ള അതിരൂക്ഷ വിമർശനവും മോദി നടത്തി.
പാകിസ്ഥാനെതിരായ ആക്രമണം മുതൽ ഇന്ത്യക്ക് വിവിധ ലോക രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു. എന്നാൽ കോൺഗ്രസ് പിന്തുണ ലഭിക്കാത്തത് ദൗർഭാഗ്യകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് പരത്തുന്നത് അതിർത്തിക്കപ്പുറമുള്ളവരുടെ വാക്കുകൾ തന്നെയാണ്. പാക് തന്ത്രങ്ങളുടെ പ്രചാരകരായി കോൺഗ്രസ് മാറി. അവിശ്വാസം പരത്താൻ കോൺഗ്രസ് ശ്രമിച്ചെന്നും ഇതുകൊണ്ടാണ് കോൺഗ്രസിന് ജനഹൃദയങ്ങളിൽ സ്ഥാനമില്ലാത്തതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഇത് ഇന്ത്യയുടെ വിജയോത്സവത്തിന്റെ സമ്മേളനമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ഭീകരരുടെ ആസ്ഥാനം തകർത്തതിന്റെ ആഘോഷമാണ്. രാജ്യത്തെ സേനകളുടെ ധീരതയുടെ വിജയാഘോഷം. താൻ പറയുന്നത് ഇന്ത്യയുടെ പക്ഷമെന്നും മോദി പറഞ്ഞു. ഇന്ത്യക്കൊപ്പം നിൽക്കാത്തവരെ പാഠം പഠിപ്പിക്കും. പഹൽഗാമിൽ കണ്ടത് ക്രൂരതയുടെ ഉച്ചകോടിയാണ്. ഇന്ത്യയിൽ കലാപം പടർത്താനുള്ള ശ്രമം ജനങ്ങൾ തകർത്തു. വിദേശത്ത് നിന്നെത്തിയ ഉടനെ തിരിച്ചടിക്ക് നിർദേശം നൽകി. സേനകൾക്ക് തിരിച്ചടിക്കാനുള്ള സ്വാതന്ത്യം നൽകിയെന്നും മോദി പറഞ്ഞു.
ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. നല്‍കിയത് ഭീകരരുടെ ഉറക്കം കെടുത്തുന്ന മറുപടിയാണ്. 22 മിനിറ്റിൽ ഏപ്രിൽ 22 ലെ ആക്രമണത്തിന് മറുപടി നൽകി. പാകിസ്ഥാനെ വിറപ്പിച്ചു. പാകിസ്ഥാന് ഒന്നും ചെയ്യാൻ സാധിച്ചില്ല. പാക് ആണവഭീഷണി വ്യാജമെന്ന് തെളിയിക്കാനായി എന്നും മോദി പാർലമെന്‍റിലെ ചർച്ചക്കുള്ള മറുപടിയിൽ വിവരിച്ചു.
വെടിനിർത്തലിന് ട്രംപ് ഇടപെട്ടില്ലെന്ന് ലോക്സഭയിൽ പറയാൻ മോദിക്ക് ധൈര്യമുണ്ടോ എന്നായിരുന്നു മോദിക്ക് മുൻപ് സംസാരിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യം. മോദിയുടെ പ്രതിച്ഛായ നിർമ്മിതിക്കായി ആയിരുന്നു ഓപ്പറേഷൻ സിന്ദുരെന്ന ഗുരുതര വിമർശനവും രാഹുൽ സഭയിൽ ഉന്നയിച്ചിരുന്നു.