കേരളത്തില്‍ വില കുത്തനെ കുറയുന്നു; ലോട്ടറിയായി വീട്ടിലെ ചെലവില്‍ വന്‍ ലാഭം

പാലക്കാട്: ഒരു വര്‍ഷത്തോളം നീണ്ട തീ വിലയ്ക്കു ശേഷം ജനങ്ങള്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുത്തനെ കുറയുന്നു. ലിറ്ററിന് 350 രൂപയാണ് നിലവിലെ വെളിച്ചെണ്ണ വില. തേങ്ങവില കുറഞ്ഞതിനു പിന്നാലെയാണ് വെളിച്ചെണ്ണ വിലയും കുറഞ്ഞത്. കഴിഞ്ഞ ജൂലായില്‍ ലിറ്ററിന് 530 രൂപ വരെയുണ്ടായിരുന്ന വെളിച്ചെണ്ണയ്ക്ക് ഓണക്കാലത്തും 500 രൂപയോളം വില ഉണ്ടായിരുന്നു. അതിനു ശേഷം നേരിയ തോതില്‍ വില കുറഞ്ഞെങ്കിലും കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് വില കുത്തനെ താഴ്ന്നു തുടങ്ങിയത്.

നവംബറില്‍ 400 രൂപയായിരുന്നു ഒരു ലിറ്റര്‍ വെളിച്ചെണ്ണയുടെ വില. അതിനു ശേഷം വന്‍ തോതില്‍ തേങ്ങ വിളവെടുപ്പ് നടന്നതാണ് ഇപ്പോഴത്തെ വിലയിടിവിനു പ്രധാന കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. വെളിച്ചെണ്ണ വില അധികം വൈകാതെ ലിറ്റിന് 300 രൂപയില്‍ താഴെയാകുമെന്നും ഇവര്‍ പറയുന്നു. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ തേങ്ങ ഉത്പാദനം വര്‍ദ്ധിച്ചതും ഇറക്കുമതി കൊപ്ര ധാരാളം മാര്‍ക്കറ്റില്‍ എത്തിയതുമാണ് വെളിച്ചെണ്ണ വില കുത്തനെ കുറയാന്‍ കാരണമായത്.

തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ കൊപ്ര മാര്‍ക്കറ്റില്‍ കൂടുതലായി എത്തുന്നതോടെ വില ഇനിയും കുറയാന്‍ സാദ്ധ്യതയുണ്ട്. തേങ്ങയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ചില്ലറ വില 80 രൂപയ്ക്കു മുകളില്‍ വരെയെത്തിയ തേങ്ങയ്ക്കിപ്പോള്‍ 53-60 രൂപയായിട്ടുണ്ട്. മൊത്തവിലയും ഓരോ ദിവസവും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. നാളികേര കര്‍ഷകര്‍ പൊതുവിപണിയില്‍ വില്‍ക്കുന്ന തേങ്ങയ്ക്ക് മാസങ്ങള്‍ക്ക് മുമ്പ് 60-65 രൂപ വരെ ലഭിച്ചിരുന്നു. ഇപ്പോഴിത് 45-50 രൂപയായി കുറഞ്ഞിട്ടുണ്ട്. വന്‍തോതില്‍ പച്ചത്തേങ്ങ എത്തുന്നതിനാല്‍ മൊത്തവില ഇനിയും വിലയിടിയുമെന്നു മലഞ്ചരക്ക് വ്യാപാരികള്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *