രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിക്കെതിരെ രാഷ്ട്രപതി ദ്രൗപതി മുർമു

ന്യൂഡൽഹി: നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയിൽ വ്യക്തത തേടി രാഷ്ട്രപതി ദ്രൗപതി മുർമു. ഇതുസംബന്ധിച്ച് കോടതിയോട് 14 ചോദ്യങ്ങൾ രാഷ്ട്രപതി ഉന്നയിച്ചു. ഭരണഘടനയിൽ ഇല്ലാത്ത സമയപരിധി കോടതിക്ക് നിർവചിക്കാനാകുമോയെന്നും രാഷ്ട്രപതി ചോദിച്ചു.

ഭരണഘടനയുടെ 143 (1)​ വകുപ്പ് പ്രകാരമാണ് രാഷ്ട്രപതി സുപ്രീംകോടതിയോട് 14 വിഷയങ്ങളിൽ വ്യക്തത തേടിയത്. ഭരണഘടനയുടെ 201–ാം അനുച്ഛേദത്തിൽ, ഗവർണർമാർ അയയ്ക്കുന്ന ബില്ലുകളിൽ രാഷ്ട്രപതി സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. എന്നാൽ സമയപരിധി നിശ്ചയിച്ചിരുന്നില്ല.സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ രാഷ്ട്രപതി മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട് ഗവർണക്കെതിരായ കേസിലെ വിധിയിലാണ് രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചത്.

ബില്ലിൽ തീരുമാനം വൈകിയാൽ അതിനുള്ള തക്കതായ കാരണം രേഖാമൂലം സംസ്ഥാനസർക്കാരിനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. രാഷ്ട്രപതിയുടെ തീരുമാനം വൈകിയാൽ അത് കോടതിയിൽ ചോദ്യംചെയ്യാം. അതിനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ഉണ്ടെന്നും വിധിന്യായത്തിൽ വ്യക്തമാക്കി.10 ബില്ലുകൾ തന്നിഷ്ടപ്രകാരം നീണ്ടകാലത്തേക്ക് പിടിച്ചുവയ്ക്കുകയും പിന്നീട് രാഷ്ട്രപതിക്ക് അയയ്ക്കുകയും ചെയ്ത തമിഴ്നാട് ഗവർണർ ആർ. എൻ.രവിയുടെ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്ക് സുപ്രീംകോടതി സമയപരിധി നിശ്ചയിക്കുന്നത് ഇത് ആദ്യമായാണ് പിന്നാലെയാണ് രാഷ്ട്രപതിയുടെ നിർണായക നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *