പ്രേമലു സംവിധായകന്റെ അടുത്ത റൊമാന്റിക് കോമഡി ചിത്രം, നിവിൻ പോളിയും മമിതയും പ്രധാന വേഷങ്ങളിൽ

പ്രേമലുവിന്റെ വൻവിജയത്തിന് പിന്നാലെ പുതിയ ചിത്രവുമായി സംവിധായകൻ ഗിരീഷ് എ.ഡി. റൊമാന്റിക്ക് കോമഡി ചിത്രമായി ഒരുങ്ങുന്ന സിനിമയ്ക്ക് ബത്ലഹേം കുടുംബ യൂണിറ്റ് എന്നാണ് പേരിട്ടിരിക്കുന്നത്. നിവിൻ പോളിയും മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ. ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ഇവരുടെ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആറാമത്തെ ചിത്രം കൂടിയാണിത്.
ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. വിഷ്ണു വിജയ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് അജ്മൽ സാബുവാണ്. എഡിറ്റിങ് ആകാശ് ജോസഫ് വർഗീസ്. സെപ്റ്റംബറിലാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുക. പിആർഒ ആതിര ദിൽജിത്ത്.
തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ സംവിധായകനാണ് ഗിരീഷ് എ.ഡി. തുടർന്ന് പ്രേമലുവിന് പുറമെ സൂപ്പർ ശരണ്യ, ഐആം കാതലൻ എന്നീ സിനിമകളും സംവിധായകന്റെതായി പുറത്തിറങ്ങി. പ്രേമലു മലയാളത്തിന് പുറമെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തരംഗമായ ചിത്രമാണ്.