സിപിഎം സംസ്ഥാന സമ്മേളനം, പിണറായിയെ വാനോളം പുകഴ്ത്തി പ്രകാശ് കരാട്ട്

2

ചരിത്രപരമായ പോരാട്ടങ്ങളിലൂടെ കരുത്താര്‍ജ്ജിച്ച പാര്‍ട്ടിയാണ് കേരളത്തിലെ സിപിഐഎമ്മെന്ന് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേന്ദ്ര സര്‍ക്കാരിന്റെ നവ ഉദാരവത്കരണ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പിണറായി വിജയന്‍ സര്‍ക്കാരിന് സാധിച്ചെന്നും അദ്ദേഹം പ്രശംസിച്ചു. ഹിന്ദുത്വ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിച്ചെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്ത്. 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫെഡറലിസത്തിന്റെ അനിവാര്യതയ്ക്ക് കേരളത്തിലെ പാര്‍ട്ടിയേയും സര്‍ക്കാറിനേയും ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമ്മേളനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും സീതാറാം യെച്ചൂരിയുടെ വിയോഗം അസാധാരണ സാഹചര്യമായിരുന്നുവെന്നും പ്രകാശ് കാരാട്ട് ഓര്‍മിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരിക്കേ വിടവാങ്ങുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മുന്നൊരുക്കങ്ങള്‍ക്കിടയിലാണ് യെച്ചൂരി മരിച്ചതെന്നും കാരാട്ട് പറഞ്ഞു.

രാജ്യത്ത് നവഫാസിസമാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഫാസിസ്റ്റ് പ്രത്യയ ശാസ്ത്രം ശത്രുവിനെ പ്രഖ്യാപിക്കുമെന്നും കാരാട്ട് പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും പ്രകാശ് കാരാട്ട് വിമര്‍ശിച്ചു. മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ അല്ലെന്ന് സിപിഐഎം നിലപാട് എടുത്തതായി വിഡി സതീശന്‍ പറഞ്ഞതായി കണ്ടെന്നും സതീശന്‍ സിപിഐഎം രേഖകള്‍ കൃത്യമായി വായിക്കാത്തത് കൊണ്ടാണ് ആ തെറ്റിദ്ധാരണയെന്നും അദ്ദേഹം പറഞ്ഞു.

‘കോണ്‍ഗ്രസ് പാര്‍ട്ടി ഇക്കാര്യത്തില്‍ കാണിക്കുന്നത് തരംതാണ രാഷ്ട്രീയം. കേരളത്തില്‍ ബിജെപിയെയും ആര്‍എസ്എസിനെയും ശക്തമായി നേരിടുന്ന പാര്‍ട്ടിയാണ് സിപിഐഎം. ആര്‍എസ്എസ്സിനോട് പൊരുതാന്‍ ആരുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമല്ല. ഹിന്ദുത്വ കോര്‍പ്പറേറ്റ് അജണ്ടകള്‍ക്ക് എതിരെ പോരാടണം’, പ്രകാശ് കാരാട്ട് പറഞ്ഞു.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here