യാത്രയയപ്പ് ചടങ്ങിലേക്ക് പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ല; കളക്ടറേറ്റ് ജീവനക്കാരുടെ മൊഴി അന്വേഷണ റിപ്പോർട്ടിൽ

0

തിരുവനന്തപുരം: നവീൻ ബാബുവിന്റെ മരണത്തിൽ ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോ‍ർട്ടിന്റെ പൂ‍ർണ രൂപം കണ്ണൂ‍ർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ യാത്രയയ്പ്പ് ചടങ്ങിലേക്ക് പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടറേറ്റ് ജീവനക്കാർ സ്ഥിരീകരിക്കുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പിപി ദിവ്യ ചടങ്ങിലെത്തിയത് ക്ഷണിക്കാതെയാണെന്ന് സ്റ്റാഫ് കൗണസിൽ സെക്രട്ടറി സി ജിനേഷും മൊഴി നൽകിയിട്ടുണ്ട്. ദിവ്യയുടെ പ്രസം​ഗത്തിന് പിന്നാലെ നവീൻ ബാബു ദു:ഖിതനായെന്നും നവീൻ ബാബു കൈക്കൂലി വാങ്ങില്ലാത്ത ആളാണെന്നും സി ജിനേഷിന്റെ മൊഴിയിലുണ്ട്. നവീൻ ബാബുവും ജില്ലാ കളക്ടറും നല്ല ബന്ധത്തിലായിരുന്നില്ലെന്ന് നവീൻ ബാബുവിന്റെ സി എ റീന പിആറിന്റെ മൊഴി. സ്ഥലം മാറ്റം ലഭിച്ചിട്ടും നവീൻ ബാബുവിനെ പത്തനംതിട്ടയിലേക്ക് പോകാൻ കളക്ടർ അനുവദിച്ചില്ലെന്നും മൊഴിയിൽ പറയുന്നുണ്ട്.

പത്തനംതിട്ട കളക്ടർ ആവശ്യപ്പെട്ടിട്ടും, കണ്ണൂ‍ർ കളക്ടർ വഴങ്ങിയില്ലെന്നും മൊഴിയിലുണ്ട്. സ്റ്റാഫ് കൗൺസിലിന്റെ മൊഴി പ്രകാരം യാത്രയയ്പ്പ് ചടങ്ങ് വ്ടാസ്ആപ്പ് ​ഗ്രൂപ്പിൽ മാത്രമാണ് അറിയിച്ചിരുന്നതെന്നും, യാതൊരു വിധത്തിലുള്ള നോട്ടീസോ ഒന്നും ഉണ്ടായിരുന്നില്ല എന്നും പിആ‍ർഡിയെ പോലും അറിയിച്ചിരുന്നില്ല എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. നവീൻ ബാബുവിന് എതിരെ ഉയർന്ന ആരോപണങ്ങൾ ശരിയല്ലെന്ന് എഡിഎമ്മിൻ്റെ ഡ്രൈവർ എം ശംസുദ്ദീനും മൊഴി നൽകിയിട്ടുണ്ട്. കൈക്കൂലി വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. എൻഒസി വൈകി ലഭിച്ച സംഭവങ്ങളിൽ അഴിമതി നടന്നിട്ടില്ലെന്ന് അപേക്ഷകരും പറഞ്ഞിട്ടുണ്ട്. നവീൻ ബാബു അഴിമതിക്കാരനാണെന്ന് ആരും പറഞ്ഞതായി ഇതുവരെ കേട്ടിട്ടില്ലെന്നും ശംസുദ്ദീൻ്റെ മൊഴിയിലുണ്ട്.

പിപി ദിവ്യ ഈ ചടങ്ങിലേക്ക് എത്തുന്ന കാര്യം തങ്ങൾ അപ്പോഴാണ് അറിയുന്നത് എന്നാണ് മൊഴിയിൽ ഉള്ളത്. സ്റ്റാഫ് കൗൺസിൽ സെക്രട്ടറിയോട് പോലും പിപി ദിവ്യ വരുന്ന കാര്യം അറിയിച്ചിരുന്നില്ല എന്നും മൊഴിയിലുണ്ട്. നേരത്തെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ അൽപ്പസമയം വൈകി എന്ന് ചൂണ്ടിക്കാണിച്ച് ഷോക്കോസ് നോട്ടീസ് നവീൻ ബാബുവിന് നൽകിയിരുന്നു. അത് കൂടാത വാരാന്ത്യങ്ങളിൽ അവധി അപേക്ഷ നൽകുമ്പോൾ അത് പലപ്പോഴും നിരസിക്കുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നുവെന്നും ജീവനക്കാർ മൊഴി നൽകി. അത്കൊണ്ട് തന്നെ അദ്ദേഹം പലപ്പോഴും ദു:ഖിതനായി കണ്ടിരുന്നുവെന്നും ജീവനക്കാർ പറ‍ഞ്ഞു. നവീൻ ബാബുവിന്റെ മരണത്തിൽ ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷ്ണറുടെ റിപ്പോ‍ർട്ടിലാണ് ഈ മൊഴികളും വിശദാംശങ്ങളും അടങ്ങിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here