ഫ്രാൻസിസ് മാർപാപ്പയുടെ നില അതീവഗുരുതരം; വത്തിക്കാനിൽ നിന്നും ഔദ്യോഗിക അറിയിപ്പ്

0

ഫ്രാൻസിസ് മാർപാപ്പയുടെ നില അതീവഗുരുതരമാണെന്ന് വത്തിക്കാനിൽ നിന്നും ഔദ്യോഗികമായി അറിയിപ്പ്. ഇന്നലത്തേതിനേക്കാൾ ആരോഗ്യസ്ഥിതി മോശമായെന്നും മാർപാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്നും പ്രത്യേക മെഡിക്കൽ ബുള്ളറ്റിനിലൂടെ വത്തിക്കാൻ അറിയിച്ചു.

ഇന്ന് രാവിലെയോടെ മാർപാപ്പയ്ക്ക് ആസ്ത്മയെ തുടർന്നുണ്ടായ ശ്വാസ തടസം മൂലം ഉയർന്ന അളവിൽ ഓക്സിജൻ നൽകേണ്ടിവന്നതായി മെഡിക്കൽ സംഘം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ആകെയുള്ള ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിരുന്നെങ്കിലും ഇന്ന് വീണ്ടും മോശമായിരിക്കുന്നു. തുടർച്ചയായി ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധനകളിൽ രക്തത്തിൽ പ്ലേറ്റ്‌ലെറ്റ് അളവ് കുറയുന്നതിനാൽ വിളർച്ച ഉണ്ടായതായും ഇതിന് പ്രതിവിധിയായി രക്തം നൽകിയതായും റിപ്പോർട്ട്.

പൂർണമായും അപകടനില തരണം ചെയ്തിട്ടില്ലെങ്കിലും മരണം അടുത്തില്ലെന്നും മാർപാപ്പ ചികിത്സയ്ക്കോട് പ്രതികരിക്കുന്നുണ്ടെന്നും റോമിലെ ജമേലി ആശുപത്രിയിലെ ഡോക്ടർമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കുറഞ്ഞത് ഒരാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടിവരുമെന്നും പ്രായവും ആരോഗ്യപശ്ചാത്തലവും കണക്കിലെടുത്ത് അതീവ ശ്രദ്ധ ആവശ്യമാണെന്നും ഡോക്ടർമാർ അറിയിച്ചു.

മാർപാപ്പയ്ക്ക് കിടക്കയിൽ നിന്ന് എഴുന്നേറ്റ് വീൽ ചെയറിൽ ഇരിക്കാനും ഔദ്യോഗിക കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനും കഴിഞ്ഞിട്ടുണ്ട്. സ്വന്തം ആരോഗ്യനിലക്കുറവിനെക്കുറിച്ച് ഒന്നും മറച്ചുവയ്ക്കരുതെന്നും വിവരങ്ങൾ ലോകത്തിനു കൃത്യമായി അറിയിക്കണമെന്നും അദ്ദേഹം നിർദേശിച്ചതായി ഡോക്ടർമാർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here