16കാരിയുടെ ആത്മഹത്യയിൽ ഉത്തരം കിട്ടാതെ പൊലീസ്

എറണാകുളം: സ്‌കൂൾ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഉത്തരം കിട്ടാതെ പൊലീസ്. മാമല കക്കാട് കിണറ്റിങ്കൽപറമ്പിൽ മഹേഷിന്റെ ഏകമകൾ ആദിത്യയാണ് (16) മരിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയൻ ബാൻഡ് അംഗം മരിച്ചതിലുള്ള മനോവിഷമമാണ് കാരണമെന്നാണ് പ്രാഥമികസൂചന. എന്നാൽ ഈ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വ്യാജമാണെന്നാണ് നിഗമനം. ഈ അക്കൗണ്ടിന് ആകെ 12 ഫോളോവേഴ്‌സ് മാത്രമാണുള്ളതെന്ന് അദ്ധ്യാപകർ പറയുന്നു. മരണം നടന്ന് ഒരാഴ്‌ച പിന്നിട്ടിട്ടും കുട്ടിയുടെ ഫോൺ തുറന്ന് പരിശോധിക്കാൻ പൊലീസ് ശ്രമിച്ചിട്ടില്ലെന്നാണ് വിവരം.
ജനുവരി ഒന്നിന് പരിചയപ്പെട്ട കൊറിയൻ സുഹൃത്ത് 19ാം തീയതി മരിച്ചുവെന്ന വിവരമറിഞ്ഞു. അതിൽ വലിയ മനോവിഷമത്തിലാണ്. ആ സുഹൃത്തിനൊപ്പം താനും ജീവിതം അവസാനിപ്പിക്കുന്നുവെന്നാണ് കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്. ഇംഗ്ളീഷിലും കൊറിയൻ ഭാഷയിലുമടക്കം പെൺകുട്ടി തയ്യാറാക്കിയ രണ്ടരപ്പേജുള്ള ആത്മഹത്യാക്കുറിപ്പ് ബാഗിൽനിന്ന് ചോറ്റാനിക്കര പൊലീസ് കണ്ടെടുത്തിരുന്നു. കൊറിയൻ ഭാഷ പൊലീസ് പരിഭാഷപ്പെടുത്തുകയാണ് ചെയ്തത്.സ്കൂളിലേക്കുപോയ പെൺകുട്ടിയുടെ മൃതദേഹം ശാസ്താംമുകളിലെ കരിങ്കൽ ക്വാറിയിൽ കണ്ടെത്തുകയായിരുന്നു. ക്വാറിയുടെ കരയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്കൂൾ ബാഗ് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആദിത്യയുടെ മൃതദേഹം കണ്ടെത്തിയത്. ചോറ്റാനിക്കര ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ലാബ് ടെക്നീഷ്യൻ കോഴ്സ് ഒന്നാംവർഷ വിദ്യാർത്ഥിനിയായിരുന്നു. മാതാവ്: രമ്യ.



