ചാക്കിൽക്കെട്ടി സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച ഒരുകോടി രൂപ പൊലീസ് പിടികൂടി

മലപ്പുറം: ചാക്കിൽക്കെട്ടി സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച ഒരുകോടി രൂപ പൊലീസ് പിടികൂടി. മലപ്പുറം വേങ്ങരയിലാണ് സംഭവം. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് (39) അറസ്റ്റ് ചെയ്‌തത്. വേങ്ങര കൂരിയാട് അണ്ടർപാസിന് സമീപം വാഹന പരിശോധനയ്‌ക്കിടെയാണ് ഇയാൾ പിടിയിലായത്.
പണം വേങ്ങരയിൽ വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്നതാണെന്ന് പൊലീസ് പറഞ്ഞു. പണത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ഓണത്തോടനുബന്ധിച്ച് ജില്ലയിൽ പലയിടങ്ങളിലും വാഹന പരിശോധന നടത്തുന്നുണ്ട്. അടുത്തകാലത്ത് ജില്ലയിൽ വിവിധ കേസുകളിലായി ഏകദേശം പത്ത് കോടിയോളം രൂപയുടെ കുഴൽപ്പണം പിടിച്ചെടുത്തിരുന്നു.