ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് റിപ്പോര്‍ട്ടിൽ ഗുരുതര പരാമര്‍ശങ്ങള്‍

തിരുവനന്തപുരം: ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് റിപ്പോര്‍ട്ടിൽ ഗുരുതര പരാമര്‍ശങ്ങള്‍. രാഹുലിന്‍റെ മുൻകൂര്‍ ജാമ്യഹര്‍ജിയിൽ അടച്ചിട്ട മുറിയിൽ വാദം തുടങ്ങി. പൊലീസ് റിപ്പോര്‍ട്ട് കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് രാഹുലിന്‍റെ മുൻകൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. സീൽ ചെയ്ത കവറിലുള്ള പൊലീസ് റിപ്പോര്‍ട്ടാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. വിശദമായ വാദം കേള്‍ക്കാമെന്ന് പ്രോസിക്യൂഷൻ അറിയിക്കുകയായിരുന്നു. ഡോക്ടറുടെ ഉള്‍പ്പെടെ സാക്ഷി മൊഴികള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് പൊലീസ് ഹാജരാക്കുക.
ബലാത്സംഗം നടത്തിയതിന് തെളിവുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. യുവതിയെ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിയതിന് തെളിവുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡിജിറ്റൽ തെളിവുകള്‍ അടക്കം സീൽ ചെയ്ത കവറിൽ പൊലീസ് കോടതിക്ക് കൈമാറിയിട്ടുണ്ട്. അടച്ചിട്ട മുറിയിൽ വാദം കേള്‍ക്കണമെന്നാണ് പ്രോസിക്യൂഷനും രാഹുൽ മാങ്കൂട്ടത്തിലും ആവശ്യപ്പെട്ടിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി അടച്ചിട്ട മുറിയിൽ വാദം കേള്‍ക്കാൻ അനുവദിച്ചത്. മറ്റു കേസുകള്‍ പരിഗണിച്ചശേഷം 11.30ഓടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യ ഹര്‍ജിയിൽ നടപടികളാരംഭിച്ചത്.
നേരത്തെ അവസാനമായിരിക്കും കേസ് പരിഗണിക്കുകയെന്നാണ് അറിയിച്ചിരുന്നതെങ്കിലും മറ്റു കേസുകള്‍ പരിഗണിച്ച് മാറ്റിവെച്ചശേഷം രാഹുലിന്‍റെ മുൻകൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു. നിലവിൽ പ്രതിഭാഗത്തിന്‍റെ വാദം പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍റെ വാദമാണിപ്പോള്‍ നടക്കുന്നത്.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിയുണ്ടാകും. പാര്‍ട്ടിയിൽ നിന്ന് പുറത്താക്കുമെന്നാണ് വിവരം. രാഹുലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ കോടതി തീരുമാനം വന്നശേഷമായിരിക്കും രാഹുലിനെതിരെയുള്ള നടപടിയുണ്ടാകുകയെന്നാണ് വിവരം



