പി സി ജോര്‍ജിന്റെ ലവ് ജിഹാദ് പ്രസംഗത്തില്‍കേസെടുക്കേണ്ടതില്ലെന്ന് പൊലീസിന് നിയമപദേശം

0

കോട്ടയം: പി സി ജോർജിന്റെ ലവ് ജിഹാദ് പ്രസംഗത്തിൽ കേസെടുത്തേക്കില്ല. പരാമര്‍ശത്തില്‍ പി സി ജോർജിനെതിരെ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമപദേശം. പി സി ജോർജിനെതിരെ കേസെടുക്കണോ എന്ന കാര്യത്തിൽ പൊലീസ് നിയമപദേശം തേടിയിരുന്നു. ജോർജിന്റെ പ്രസംഗത്തിൽ കേസെടുക്കേണ്ടതായി ഒന്നുമില്ല എന്നാണ് നിയമപദേശം ലഭിച്ചത്. പാലായിൽ നടന്ന ലഹരിവിരുദ്ധ സെമിനാറിൽ ആയിരുന്നു പിസി ജോർജിന്റെ വിവാദ പരാമർശം. മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലവ് ജിഹാദിലൂടെ നഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു ജോർജിന്റെ പ്രസംഗം.

കേരളത്തിൽ ലൗ ജിഹാദ് വർദ്ധിക്കുന്നുവെന്നായിരുന്നു പി സി ജോർജിന്‍റെ പ്രസ്താവന. “മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമാണ് തിരികെ കിട്ടിയത്. ക്രിസ്ത്യാനികൾ 24 വയസിന് മുമ്പ് പെൺകുട്ടികളെ കല്യാണം കഴിപ്പിക്കാൻ തയ്യാറാകണം. യാഥാർത്ഥ്യം മനസിലാക്കി രക്ഷിതാക്കൾ പെരുമാറണമെന്നും” പി സി ജോർജ് പ്രസംഗത്തില്‍ പറഞ്ഞു. “കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ പിടികൂടിയ സ്ഫോടക വസ്തുക്കൾ കേരളം മുഴുവൻ കത്തിക്കാനുള്ളതുണ്ട്. അത് എവിടെ കത്തിക്കാൻ ആണെന്നും അറിയാം, പക്ഷേ പറയുന്നില്ല. രാജ്യത്തിന്റെ പോക്ക് അപകടകരമായ നിലയിലാണെന്നും പി സി ജോര്‍ജ് പറഞ്ഞിരുന്നു. 

മതവിദ്വേഷ പരാമർശ കേസിൽ ജാമ്യത്തില്‍ കഴിയുന്ന പിസി ജോർജ്, കോടതിയുടെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെയായിരുന്നു വീണ്ടും വിവാദ പ്രസംഗം നടത്തിയത്. ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി സി ജോർജ് നടത്തിയ പരാമർശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. ഈ കേസിൽ റിമാൻഡിലാവുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയുമായിരുന്നു. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് അന്ന് ചുമത്തിയിരുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here