പിഎം ശ്രീ പദ്ധതി; ഇടത് മുന്നണിയിൽ പൊട്ടിത്തെറി, മന്ത്രിസഭാ യോഗത്തിൽ നിന്ന് സിപിഐ വിട്ടുനിന്നേക്കും

തിരുവനന്തപുരം: പാർട്ടിയുടെ എതിർപ്പ് അവഗണിച്ച് കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീയിൽ ചേർന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയിൽ കടുത്ത അമർഷം പ്രകടിപ്പിച്ച് സിപിഐ. ഇന്ന് ഉച്ചയ്‌ക്ക് 12ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്യും. എൽഡിഎഫ് ചർച്ച ചെയ്യുമെന്ന സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെയാണ് ഏകപക്ഷീയമായി ധാരണാപത്രത്തിൽ ഒപ്പിട്ടത്. മുന്നണി മര്യാദകളുടെ ലംഘനമെന്നാണ് സിപിഐയുടെ പൊതുഅഭിപ്രായം.
മുഖ്യമന്ത്രിയെ കണ്ട് എതിർപ്പ് അറിയിക്കാനാണ് സിപിഐ നേതാക്കളുടെ നീക്കം. മറ്റ് ഘടകകക്ഷികളുമായി സിപിഐ ചർച്ച നടത്തും. സിപിഎം ദേശീയ നേതൃത്വത്തെയും എതിർപ്പ് അറിയിക്കും. സിപിഐ ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ തേടും. മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കുമെന്നും വിവരമുണ്ട്. പ്രതിപക്ഷത്തിന്റെ പരിഹാസവും അണികളുടെ ആശങ്കകളും എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് സിപിഐ. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയ്‌ക്ക് കത്തയക്കും.
വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിക്കാൻ എഐഎസ്‌എഫും തീരുമാനിച്ചിരിക്കുകയാണ്. സർക്കാർ നടപടി വഞ്ചനാപരമായ നിലപാടെന്നാണ് എഐഎസ്‌എഫ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച സർക്കാർ നടപടിക്കെതിരെ തെരുവിൽ സമരം നടത്തുമെന്നും എഐഎസ്‌എഫ് അറിയിച്ചു. പഞ്ചായത്ത്, ക്യാമ്പസ് തലങ്ങളിൽ പ്രതിഷേധ പ്രകടനത്തിനും മുഖ്യമന്ത്രിയുടെ കോലം കത്തിക്കാനും സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ആഹ്വാനം ചെയ്‌തു.



