പി എം ശ്രീ പദ്ധതി മരവിപ്പിക്കാൻ കത്ത് നൽകിയില്ല; സിപിഐയ്ക്ക് അതൃപ്‌തി

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിലെ തുടർനടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് അയക്കാത്തതിൽ സിപിഐയ്ക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ട്. രാഷ്ട്രീയ തീരുമാനം എടുത്തിട്ടും കത്ത് അയക്കാൻ വെെകുന്നതിലാണ് അതൃപ്തി. സാങ്കേതിക വാദങ്ങൾ നിരത്തിയാണ് വിദ്യാഭ്യാസ വകുപ്പ് കത്ത് അയക്കാൻ വെെകുന്നത്. വിഷയം മന്ത്രിസഭാ യോഗത്തിൽ സിപിഐ ഉന്നയിക്കാൻ സാദ്ധ്യതയുണ്ട്.

എസ്എസ്‌കെ (സമഗ്ര ശിക്ഷ കേരള) വിഹിതത്തിൽ 109 കോടി കേന്ദ്രം അനുവദിച്ചിരുന്നു. ഇതിൽ 92.4 കോടി ഇന്നലെ കേരളത്തിന് ലഭിച്ചു. ശേഷിക്കുന്ന 17.6 കോടി ഇ‍ൗയാഴ്‌ച തന്നെ നൽകുമെന്ന്‌ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പി എം ശ്രീയിൽ ഒപ്പിടാത്തതുമൂലം നേരത്തെ തടഞ്ഞുവച്ച ഫണ്ടാണിത്.പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടെങ്കിലും തത്കാലം നടപ്പാക്കാനാകില്ലെന്ന് കേന്ദ്രത്തെ അറിയിക്കാനാണ് സിപിഐയുമായി കഴിഞ്ഞയാഴ്ച ധാരണയായത്.

ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ തയ്യാറാക്കിയ കത്ത് മുഖ്യമന്ത്രി കണ്ടശേഷം പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകിയുടെ ഓഫീസിലെത്തിയിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ പരിശോധനയ്ക്കു ശേഷം വകുപ്പ് സെക്രട്ടറി തന്നെയാകും കേന്ദ്രത്തിന് കത്തയയ്ക്കുക.എസ്എസ്കെ ഫണ്ട് കേരളത്തിന് നൽകുമെന്ന് സുപ്രീംകോടതിയിൽ കേന്ദ്രം ഇന്നലെ ഉറപ്പു നൽകിയിരുന്നു.

എസ്എസ്കെയുടെ ഭാഗമായ സംസ്ഥാനത്തെ സ്‌പെഷ്യൽ എഡ്യുക്കേറ്റേഴ്സിന്റെ സ്ഥിര നിയമനവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്നലെ പരിഗണിക്കവേയാണ് ഫണ്ട് ഉടൻ കൈമാറുമെന്ന് സുപ്രീംകോടതിയിൽ കേന്ദ്രം അറിയിച്ചത്.അതേസമയം, കേന്ദ്രം അനുവദിച്ച തുക ഭിന്നശേഷി കുട്ടികളുടെ ആവശ്യങ്ങൾക്കും സ്‌പെഷ്യൽ എഡ്യുക്കേറ്റേർമാരുടെ ഒരു മാസത്തെ ശമ്പളത്തിനും വിനിയോഗിക്കുമെന്നാണ് എസ്എസ്കെ വൃത്തങ്ങൾ അറിയിച്ചത്. പുസ്തകത്തിനും യൂണിഫോമിനുമായി സംസ്ഥാനം ചെലവാക്കിയതിന്റെ ഒരു വിഹിതവും ഇതിൽ നിന്ന് നൽകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *