കേരളത്തിന്റെ പുരോഗതിക്കും പൊതുപ്രവർത്തനത്തിനും വേണ്ടി ജീവിതം മാറ്റിവെച്ച നേതാവ്: പ്രധാനമന്ത്രി

ന്യൂഡൽഹി: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വി എസിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവിതത്തിലെ നിരവധി വര്‍ഷങ്ങള്‍ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി വി എസ് സമര്‍പ്പിച്ചുവെന്നും തങ്ങള്‍ ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ ഇടപെടലുകള്‍ ഓര്‍ക്കുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു. ദുഃഖവേളയില്‍ തന്റെ ചിന്തകള്‍ വി എസിന്റെ കുടുംബത്തിനും അനുയായികള്‍ക്കുമൊപ്പമാണെന്നും പ്രധാനമന്ത്രി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവും വിഎസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തി. വി എസിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. ദീര്‍ഘകാല പൊതുജീവിതത്തില്‍ അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും കേരളത്തിന്റെ വികസനത്തിന് സംഭാവന നല്‍കുകയും ചെയ്തയാളാണ് വി എസെന്ന് ദ്രൗപതി മുര്‍മു പറഞ്ഞു. വി എസിന്റെ കുടുംബത്തിനും അനുയായികള്‍ക്കും അനുശോചനം അറിയിക്കുന്നുവെന്നും രാഷ്ട്രപതി എക്‌സില്‍ കുറിച്ചു.