പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങുന്നു; ദ്വിദിന സന്ദര്‍ശനം വെട്ടിച്ചുരുക്കി

ന്യൂഡല്‍ഹി:പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലെ ദ്വിദിന സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തേക്ക് മടങ്ങുന്നു. ഇന്ന് രാത്രി സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടും. പുലര്‍ച്ചെ ഡല്‍ഹിയിലെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി പ്രധാനമന്തി നിരന്തരം ഫോണിലൂടെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി ഇപ്പോള്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തുകയാണ്. ജിദ്ദയില്‍ കൂടിക്കാഴ്ച പുരോഗമിക്കുകയാണ്. നേരത്തെ നിശ്ചയിച്ചിരുന്ന ഔദ്യോഗിക വിരുന്ന് ഒഴിവാക്കി.
ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി രംഗത്ത് എത്തിയിരുന്നു. കൃത്യത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ല എന്ന് മോദി എക്സിൽ കുറിച്ചു. ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകവും അപലപനീയമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എക്സിൽ കുറിച്ചു. ആക്രമണം നടത്തിയവരെ വെറുതെവിടില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചിരുന്നു.
ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇതിനോടകം തന്നെ ദി റെസിസ്റ്റൻ്റ് ഫ്രണ്ട് രംഗത്ത് വന്നിട്ടുണ്ട്. രാജസ്ഥാനിൽനിന്നുള്ള വിനോദ സഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്.ആക്രമണത്തിൽ 27 പേർ മരിച്ചതായാണ് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിരവധിപ്പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. പ്രദേശത്ത് മലയാളികൾ കുടുങ്ങി കിടക്കുന്നതായും വിവരമുണ്ട്. പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണം; മരിച്ചവരില്‍ മലയാളിയും, കൊല്ലപ്പെട്ടത് ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍



