20 കോടി സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് നഷ്‌ടപ്പെട്ടെന്ന് ഹർജി; യഥാർത്ഥ ടിക്കറ്റ് ആവശ്യപ്പെട്ട് കോടതി

പിറവം: ക്രിസ്‌മസ് പുതുവത്സര ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് തന്റേതാണെന്നും സമ്മാനത്തുക വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് പിറവം സ്വദേശി സമർപ്പിച്ച ഹർജിയിൽ യഥാർത്ഥ ടിക്കറ്റ് ഹാജരാക്കുവാൻ നിർദേശിച്ച് കോടതി. പിറവം പാഴൂർ സ്വദേശി റിട്ട. എഎസ്ഐ കെ കെ സജിമോൻ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുരിയൻ തോമസാണ് നിർദേശം നൽകിയത്. ടിക്കറ്റ് അബദ്ധത്തിൽ നഷ്‌ടപ്പെട്ടതായാണ് സജിമോൻ പറയുന്നത്.

ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിന്റെ ഇരുവശത്തെയും ഫോട്ടോയും ടിക്കറ്റ് ഹാജരാക്കിയ വ്യക്തിയുടെ വിവരങ്ങളും മുദ്രവച്ച കവറിൽ സമർപ്പിക്കുവാനാണ് കോടതി നേരത്തെ നിർദേശിച്ചിരുന്നത്. വെള്ളിയാഴ്‌ച ഉച്ചതിരിഞ്ഞാണ് കോടതി കേസ് പരിഗണിച്ചത്. ലോട്ടറി ഡയറക്‌ടർ മുദ്രവച്ച കവറിൽ സമർപ്പിച്ച രേഖകൾ പരിശോധിച്ചതിനെ തുടർന്ന് ഒർജിനൽ ടിക്കറ്റ് ഹാജരാക്കുവാൻ നിർദേശിച്ച കോടതി കേസ് മാർച്ച് അഞ്ചിലേക്ക് മാറ്റി.

ഡിസംബർ ഒന്നിന് മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധുവീട്ടിൽ പോയപ്പോൾ കാഞ്ഞിരപ്പള്ളിയിൽ നിന്ന് ടിക്കറ്റെടുത്തതായാണ് ഹർജിക്കാരൻ പറയുന്നത്. ടിക്കറ്റിന്റെ പുറത്ത് തന്റെ പേരും വിലാസവുമെഴുതി ഒപ്പുവച്ചിരുന്നതായും സജിമോൻ ബോധിപ്പിച്ചു. തന്റെ ട്രാവലറിൽ ശബരിമലയ്‌ക്ക് പോയ വിശാഖപട്ടണം സ്വദേശികൾ മടക്കയാത്രയ്‌ക്കിടെ മറന്നുവച്ച നെയ്യ് താൻ കൊറിയർ ചെയ്‌തുകൊടുത്തപ്പോൾ അതിനടിയിൽ സൂക്ഷിച്ചിരുന്ന ടിക്കറ്റും നഷ്‌ടപ്പെട്ടെന്നാണ് സജിമോൻ പറയുന്നത്.

ജനുവരി 24നായിരുന്നു ക്രിസ്‌മസ് പുതുവത്സര ബമ്പർ നറുക്കെടുപ്പ്. ഫലം പ്രഖ്യാപിച്ചിട്ടും ഒന്നും സമ്മാനത്തിന് ആരും അവകാശമുന്നയിച്ചില്ല. ഏറെ വൈകിയാണ് ഒരാൾ ലോട്ടറി ടിക്കറ്റ് ഡയറക്‌ടറേറ്റിൽ ഹാജരാക്കിയത്. നറുക്കെടുപ്പ് ദിവസം തലയ്‌ക്ക് പരിക്കേറ്റ് ഓർമ പോയെന്നും ദിവസങ്ങൾക്ക് ശേഷമാണ് കാര്യങ്ങൾ ഓർമ്മിച്ചെടുക്കാനായതെന്നും സജിമോൻ മൊഴി നൽകി. സജിമോന്റെ പരാതിയിൽ പൊലീസ് കൊറിയർ സ്ഥാപനത്തിൽ പരിശോധന നടത്തിയെങ്കിലും ടിക്കറ്റിനെ സംബന്ധിച്ച് വിവരമൊന്നും ലഭിച്ചില്ല. തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *