‘അയ്യപ്പസംഗമം കാപട്യം, സർക്കാരിന്റെ കാപട്യം ജനങ്ങൾ തിരിച്ചറിയും; വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അയ്യപ്പസംഗമം കാപട്യമാണെന്നും സര്‍ക്കാരിന്‍റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയുമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സിപിഎം ആചാരലംഘനത്തിന് നവോത്ഥാന മതിൽ ഉണ്ടാക്കിയവരാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. തൃശ്ശൂര്‍ കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന് പൊലീസ് കസ്റ്റഡിയിൽ മര്‍ദനമേറ്റ സംഭവത്തിൽ, കുന്നംകുളത്തുണ്ടായത് ക്രൂരമര്‍ദനമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സേനയിൽ നിന്നും പുറത്താക്കണം.
ശക്തമായ നടപടിക്ക് ഏതറ്റംവരെ പോകുമെന്ന് വ്യക്തമാക്കിയ വിഡി സതീശൻ പൊലീസുകാരെ രക്ഷപ്പെടുത്താൻ ശ്രമം നടന്നു എന്നും ചൂണ്ടിക്കാട്ടി. കേരളത്തിലേത് നാണംകെട്ട പൊലീസ് സേനയാണെന്നും പ്രതിപക്ഷ നേതാവ് രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി.
തന്റെ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടിയാലോചനയിൽ തീരുമാനമെടുത്തതെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ വിഡി സതീശൻ പ്രതികരിച്ചത്. അതിന്റെ പേരിൽ തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ സ്ഥാനം വിഷയത്തിൽ ഉചിതമായ സമയത്ത് തീരുമാനം ഉണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഇതുവരെ സ്വീകരിച്ച നടപടികൾ എല്ലാം ശരിയാണ്. കൂട്ടായ തീരുമാനമാണ് എടുത്തത്. ഇതിന്റെ പേരിൽ തനിക്കെതിരെ സൈബർ ഇടതിൽ ആക്രമണം നടക്കുന്നു. എന്നാൽ പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ല. സിപിഎം പറഞ്ഞപോലെ ന്യായീകരണത്തിന് കോൺഗ്രസ് തയ്യാറായില്ല. രാഹുൽ നിയമസഭ സമ്മേളനത്തിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് താനാണ് പ്രതിപക്ഷനേതാവ് എന്നും ഉത്തരം പറയാനുള്ള ചുമതലയുമുണ്ടെന്നും പറഞ്ഞ സതീശൻ കൂടിയാലോചനയ്ക്ക് ശേഷം തീരുമാനം എടുക്കുമെന്ന് മറുപടി നൽകി.