‘ജനങ്ങൾക്ക് വേണ്ടത് സമാധാനം’ ട്രംപിനും ഇസ്രയേലിനുമെതിരെ ആഞ്ഞടിച്ച്; ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി

ന്യൂയോർക്ക്: ഇറാനിലെ നഗരങ്ങളിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന വ്യോമാക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. അമേരിക്കയുടെയും ഇസ്രായേലിന്‍റെയും സൈനിക നീക്കത്തെ നിയമവിരുദ്ധമായ അധിനിവേശ യുദ്ധം എന്നും വിനാശകരം എന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാജ്യത്തിന്‍റെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇത്തരം യുദ്ധങ്ങളിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ന്യൂയോർക്ക് നഗരത്തിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമാണ് മേയറുടെ പ്രസ്താവന. അമേരിക്കക്കാർക്ക് മറ്റൊരു ഭരണമാറ്റ യുദ്ധമല്ല വേണ്ടത്. നഗരങ്ങളിൽ ബോംബ് വർഷിക്കുന്നതും സാധാരണക്കാരെ കൊല്ലുന്നതും ലോകം തടയണം. ജനങ്ങൾക്ക് വേണ്ടത് ജീവിതച്ചെലവ് കുറയ്ക്കാനുള്ള നടപടികളും സമാധാനവുമാണെന്ന് മംദാനി എക്സിലൂടെ വ്യക്തമാക്കി. യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ന്യൂയോർക്ക് നഗരത്തിലെ തന്ത്രപ്രധാനമായ ഇടങ്ങളിൽ പോലീസ് പെട്രോളിംഗ് വർദ്ധിപ്പിച്ചിട്ടുണ്ട്. നഗരത്തിലെ എംബസികൾക്കും സാംസ്കാരിക കേന്ദ്രങ്ങൾക്കും പ്രത്യേക സുരക്ഷ നൽകാൻ പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ന്യൂയോർക്കിലെ ഇറാനിയൻ വംശജരോട് സംസാരിച്ച മേയർ, അവർ നഗരത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അവർ ഇവിടെ സുരക്ഷിതരായിരിക്കുമെന്നും ഉറപ്പ് നൽകി. “നിങ്ങൾ ഞങ്ങളുടെ അയൽക്കാരാണ്, സുഹൃത്തുക്കളാണ്. നിങ്ങളെ സംരക്ഷിക്കാൻ ഈ നഗരം ഒപ്പമുണ്ടാകും,” അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയ മംദാനി, ട്രംപിന്‍റെ വിദേശനയങ്ങളെ കടുത്ത ഭാഷയിലാണ് ഇപ്പോൾ വിമർശിക്കുന്നത്. ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ യുദ്ധവിരുദ്ധ പ്രക്ഷോഭകർ വലിയ പ്രതിഷേധ പ്രകടനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയും ഈ വിഷയത്തിൽ അടിയന്തര യോഗം ചേരാൻ ഒരുങ്ങുകയാണ്.



