കോന്നി ക്വാറിയുടെ പ്രവർത്തനം നിരോധിച്ചു; കലക്ടർ ഉത്തരവ് ഇറക്കി

കോന്നി:പാറയിടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ച, പത്തനംതിട്ട കോന്നി ക്വാറിയുടെ പ്രവർത്തനം നിരോധിച്ചു. അപകടത്തിന് പിന്നാലെയാണ് ജില്ലാ കലക്ടർ ഉത്തരവ് ഇറക്കിയത്. ഉത്തരവ് നടപ്പിലാകുന്നുണ്ടോയെന്ന് പൊലീസ് ഉൾപ്പെടെ പരിശോധിക്കണമെന്ന് കലക്ടർ നിർദേശിച്ചു. ക്വാറിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനവും നിർത്തിവെക്കാനാണ് ജില്ലാ കലക്ടർ നിർദേശിച്ചിരിക്കുന്നത്. പാറയിടിഞ്ഞ് വീഴുന്നതിനാൽ ക്വാറിയിലെ രക്ഷാപ്രവർത്തനം താൽകാലികമായി നിർത്തിവെച്ചു.
അപകടത്തിൽപ്പെട്ട ഒരാൾക്കായുള്ള തിരച്ചിൽ നാളെ രാവിലെ ഏഴുമണിയോടെ തുടരും. ഹിറ്റാച്ചി ഓപ്പറേറ്റർ അജയ് റായ്, സഹായി മഹാദേവ പ്രധാൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. പാറ കഷണങ്ങൾക്കിടയിൽ നിന്നും മഹാദേവ പ്രധാനയുടെ മൃതദേഹം ഫയർഫോഴ്സ് പുറത്തെടുത്തു. മൃതദേഹം കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
രക്ഷാപ്രവർത്തനത്തിനിടെ പാറയിടിഞ്ഞ് വീഴുന്ന ദൃശ്യങ്ങളും പുറത്തുവന്നു. കോന്നി പഞ്ചായത്തിൽ മാത്രം എട്ടോളം ക്വാറികളാണ് പ്രവർത്തിക്കുന്നത്. ദുരന്തമുണ്ടായ ക്വാറിയടക്കം ഇതിൽ പലതും അപകടകരമായ രീതിയിലാണ് പ്രവർത്തിക്കുന്നത് എന്നാണ് ആക്ഷേപം.