രാത്രിയിലും ആക്രമണം തുടർന്ന് പാകിസ്ഥാൻ; ജമ്മു വിമാനത്താവളത്തിനടുത്ത് ഡ്രോൺ ആക്രമണം, ശ്രമം തകർത്ത് സൈന്യം

0

ദില്ലി: ഇന്ത്യക്കെതിരെ രാത്രിയിലും ആക്രമണം തുടർന്ന് പാകിസ്ഥാൻ. ജമ്മുവിൽ പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തി. ജമ്മു വിമാനത്താവളത്തിനോട് ചേർന്നാണ് ആക്രമണം നടന്നത്. ജമ്മു നഗരത്തിലടക്കം സൈന്യം ഡ്രോണുകൾ വെടിവച്ചിട്ടതായാണ് വിവരം. അൻപതോളം ഡ്രോണുകൾ വെടിവച്ചിട്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. പലയിടത്തും സൈറൺ മുഴങ്ങിയിട്ടുണ്ട്. അതേസമയം, സൈന്യം ശക്തമായി തിരിച്ചടിച്ചു. ഉണ്ടായെന്നും റിപ്പോർട്ടുണ്ട്.

വിമാനത്താവളം ലക്ഷ്യമിട്ടുള്ള ആക്രമണം ഇന്ത്യ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർക്കുകയായിരുന്നു. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ജമ്മുവിൽ ഇൻ്റർനെറ്റ് റദ്ദാക്കി. ജമ്മു വിമാനത്താവളം, പത്താൻ കോട്ട്, അഖ് നൂർ, സാംബ എന്നിവിടങ്ങളാണ് ഭീകരർ ലക്ഷ്യമിട്ടത്. ജമ്മു മേഖലയിൽ നിലവിൽ പാക്കിസ്ഥാൻ്റെ കനത്ത വെടിവെപ്പ് തുടരുകയാണ്. പഞ്ചാബ് അതിർത്തിയിലും കുപ്വാരയിലും കനത്ത വെടിവെപ്പ് ആണ് നടക്കുന്നത്. പഞ്ചാബിൽ കനത്ത ജാഗ്രത തുടരുകയാണ്. പഞ്ചാബ് അതിർത്തിയിൽ ലൈറ്റണച്ച് കരുതൽ നടപടി തുടങ്ങി. സൈനിക കേന്ദ്രങ്ങളും ലക്ഷ്യം വച്ചായിരുന്നു ആക്രമണം എന്നാണ് പുറത്തുവരുന്നത്.

എല്ലാ ലൈറ്റുകളും അണയ്ക്കാൻ ജനങ്ങൾക്ക് നിർദേശം നൽകി. വാഹനങ്ങളടക്കം പാർക്ക് ചെയ്ത് ലൈറ്റുകൾ ഓഫാക്കണം,  പരിഭ്രാന്തരാകരുതെന്നും, മുൻകരുതലെടുക്കാനും നിർദേശം നൽകിയിട്ടുണ്ട്. പാകിസ്ഥാൻ ഇന്ത്യയ്ക്കു നേരെ ആക്രമണ ശ്രമം നടത്തിയെന്ന് ഇന്ത്യ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിലെ പല നഗരങ്ങൾക്കു നേരെയും പാകിസ്ഥാന്റെ ഭാഗത്തു നിന്നും ആക്രമണ നീക്കം ഉണ്ടായി. എന്നാൽ പാകിസ്ഥാൻ നടത്തിയ ആക്രമണ ശ്രമം ഇന്ത്യ വേരോടെ പിഴുതെറിഞ്ഞു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണമാണ് ഇന്ത്യ ചെറുത്തത്. തു‌ടർന്ന് ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു. പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം തകർത്തുകൊണ്ടായിരുന്നു ഇന്ത്യയുടെ മറുപടി.

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും തരത്തിലുള്ള സംഘർഷം ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നതിനാൽ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കുകയും പൊതുസമ്മേളനങ്ങൾ നിയന്ത്രിക്കുകയും ചെയ്തു. പാകിസ്ഥാനുമായി 1,037 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജസ്ഥാനിൽ അതീവ ജാഗ്രതയിലാണ്. അതിർത്തി പൂർണ്ണമായും അടച്ചുപൂട്ടി. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം കണ്ടാൽ അതിർത്തി സുരക്ഷാ സേനാംഗങ്ങൾക്ക് വെടിവയ്ക്കാനുള്ള ഉത്തരവ് നൽകിയിട്ടുണ്ട്.ഇന്ത്യൻ വ്യോമസേനയും അതീവ ജാഗ്രതയിലാണ്. ജോധ്പൂർ, കിഷൻഗഡ്, ബിക്കാനീർ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ മെയ് 9 വരെ നിർത്തിവച്ചിരിക്കുകയാണ്.

പടിഞ്ഞാറൻ മേഖലയിൽ യുദ്ധവിമാനങ്ങൾ ആകാശത്ത് പട്രോളിംഗ് നടത്തുന്നതിനാൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കി. ഗംഗാനഗറിൽ നിന്ന് റാൻ ഓഫ് കച്ച് വരെ സുഖോയ്-30 എംകെഐ ജെറ്റുകൾ വ്യോമ പട്രോളിംഗ് നടത്തുന്നുണ്ട്. ബിക്കാനീർ, ശ്രീ ഗംഗാനഗർ, ജയ്സാൽമീർ, ബാർമർ ജില്ലകളിലെ സ്കൂളുകൾക്ക് അവധി നൽകുകയും നടന്നുകൊണ്ടിരിക്കുന്ന പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തു. പൊലീസുകാരുടെയും റെയിൽവേ ജീവനക്കാരുടെയും അവധികൾ റദ്ദാക്കി. അതിർത്തി ഗ്രാമങ്ങളും ജാഗ്രതയിലാണ്. ഒഴിപ്പിക്കൽ പദ്ധതികളും നിലവിലുണ്ട്. അതിർത്തിക്കടുത്തുള്ള ആന്റി-ഡ്രോൺ സംവിധാനങ്ങളും സജീവമാക്കി. ജയ്സാൽമീറിലും ജോധ്പൂരിലും അർദ്ധരാത്രി മുതൽ പുലർച്ചെ 4 വരെ ബ്ലാക്ക്ഔട്ട് ചെയ്യാനുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചു. പഞ്ചാബിൽ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കുകയും പൊതുസമ്മേളനങ്ങൾ നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. അതിർത്തിയിലെ സംഘർഷം കാരണം മുഖ്യമന്ത്രി ഭഗവന്ത് മൻ എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി കഴിഞ്ഞ ദിവസമാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ സൈനിക നടപടി ആരംഭിച്ചത്.  പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ആക്രമണം.

ജമ്മുമേഖലയില്‍ ആക്രമണം ശക്തമാക്കി പാകിസ്താന്‍; തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

LEAVE A REPLY

Please enter your comment!
Please enter your name here