ശബരിമല സ്വർണക്കൊള്ളയിൽ പത്മകുമാറിന് ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവുമായ എ പത്മകുമാറിന് ജാമ്യം അനുവദിച്ച് കൊല്ലം വിജിലൻസ് കോടതി. ദ്വാരപാലകശില്പ കേസിലാണ് സ്വഭാവിക ജാമ്യം അനുവദിച്ചത്. നേരത്തെ കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിച്ചിരുന്നു. ഇന്ന് പത്മകുമാർ ജയിൽ മോചിതനാകും.
ശബരിമല സ്വർണക്കൊള്ളയിൽ പുറത്തിറങ്ങുന്ന എട്ടാമത്തെ പ്രതിയാണ് പത്മകുമാർ. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയടക്കം അഞ്ചുപേർക്ക് സ്വാഭാവിക ജാമ്യമാണ് കോടതി അനുവദിച്ചത്. തന്ത്രി കണ്ഠരര് രാജീവരർക്കും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിനും റിമാൻഡ് കാലാവധി അവസാനിച്ചതോടെയാണ് ജാമ്യം ലഭിച്ചത്.
ശബരിമല സ്വർണകൊള്ളക്കേസിൽ 2025 നവംബർ 20നാണ് പ്രത്യേക അന്വേഷണ സംഘം എ പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിലായിരുന്നു ആദ്യ അറസ്റ്റ്. കേസിൽ റിമാൻഡിൽ കഴിയവേ ഡിസംബർ നാലിന് ദ്വാരപാലക ശില്‍പകേസിലും പ്രതി ചേര്‍ത്ത് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി. കുറ്റപത്രം സമർപ്പിക്കാതെ വന്നതോടെ കട്ടിളപ്പാളി കേസിൽ റിമാൻഡ് 90 ദിവസം പൂർത്തിയാക്കിയ പത്മകുമാറിന് ഫെബ്രുവരി 20ന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
ദ്വാരപാലക ശില്പ കേസിലും റിമാൻഡ് 90 ദിവസം പൂർത്തിയായതോടെയാണ് സ്വാഭാവിക ജാമ്യഹർജി നൽകിയത്.കഴിഞ്ഞ ദിവസം ഹർജിയിൽ വിശദമായി വാദം കേട്ട ശേഷം ഉത്തരവിനായി മാറ്റുകയായിരുന്നു. അതേസമയം, കേസിൽ റിമാൻഡിൽ കഴിയുന്ന സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൽ വിജിലൻസ് കോടതി നാളെ വാദം കേൾക്കും.



