കോണ്‍ഗ്രസ് പാര്‍ട്ടിയെ ഓര്‍ത്ത് അഭിമാനം മാത്രമേയുള്ളൂവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍

കോണ്‍ഗ്രസ് പാര്‍ട്ടിയെ ഓര്‍ത്ത് അഭിമാനം മാത്രമേയുള്ളൂവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിഹിതബന്ധം പുറത്തായെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണ്ണക്കേസില്‍ സിപിഎം നേതാക്കളടക്കമുള്ളവര്‍ അറസ്റ്റിലായിട്ടും പാര്‍ട്ടി അവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. പീഡനക്കേസില്‍ പ്രതിയായ മുകേഷ് എംഎല്‍എയെ സിപിഎം പിന്തുണയ്ക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ നേതാക്കള്‍ സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്?റ്റിലായിട്ടും നടപടിയെടുക്കില്ലയെന്ന വാശിയാണ് സിപിഎമ്മിന്. ഇപ്പോള്‍ ജയിലിലായ ആളുകളെ ഭയന്നാണ് നില്‍ക്കുന്നത്. അവര്‍ പുതിയ ആളുകളുടെ പേരുകള്‍ വെളിപ്പെടുത്തുമോയെന്ന പേടിയാണ്. അതുകൊണ്ട് അവര്‍ക്ക് കുട പിടിച്ചുകൊടുക്കുകയാണ് സര്‍ക്കാര്‍. ബിജെപിയും സിപിഎമ്മും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന ആരോപണമാണ് ഇന്നലെ പാര്‍ലമെന്റില്‍ ശരിവയ്ക്കപ്പെട്ടത്. പിഎം ശ്രീ പദ്ധതി ഒപ്പുവച്ചതിന്റെ പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് എംപിയെന്നാണ് കേന്ദ്രം പറയുന്നത്.

എന്തിനാണ് പാലം? ഇവിടെ പോളിറ്റ് ബ്യൂറോ അറിയാതെ മോദിയും അമിത്ഷായും പറഞ്ഞ സ്ഥലത്ത് ഒപ്പിട്ടുകൊടുത്തയാളാണ് പിണറായി വിജയന്‍. അതിന്റെ ഇടനിലക്കാരന്‍ ജോണ്‍ ബ്രിട്ടാസാണ്. ഇത്തരത്തില്‍ പാലം പണിയുന്നത് സിപിഎമ്മാണ്. ഇതിന്റെ കൈയാള്‍ ജോലിയായിരുന്നു വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്കുണ്ടായിരുന്നത്. ഞങ്ങള്‍ പറഞ്ഞത് ശരിയായിരുന്നു.

കേരളം മുഴുവന്‍ അമ്പരന്ന് നില്‍ക്കുകയാണ്.മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക അന്വേഷണ സംഘത്തിന് വലിയ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യരുതെന്നാണ് സമ്മര്‍ദ്ദം. കടകംപള്ളിയുടെ പേര് അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ പറഞ്ഞുകഴിഞ്ഞു. ഞങ്ങളുടെ കൈയില്‍ തെളിവുണ്ട്.

അയാള്‍ക്ക് അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള തെളിവുകള്‍ കോണ്‍ഗ്രസിന്റെ കൈയിലുണ്ട്. ഈ കേസില്‍ ഇപ്പോള്‍ അറസ്റ്റിലായവരെക്കാളുള്ള വന്‍തോക്കുകള്‍ വരാനുണ്ടെന്ന് കോടതി പറഞ്ഞു. എന്നിട്ടും അന്വേഷണം വൈകിപ്പിക്കുന്നു. പീഡനക്കേസില്‍ പ്രതിയായ മുകേഷ് എംഎല്‍എയോട് രാജിവയ്ക്കാന്‍ സിപിഎം ആവശ്യപ്പെട്ടിട്ടില്ല. ജനങ്ങളെ കളിയാക്കുന്ന രീതിയാണ്. കോണ്‍ഗ്രസാണ് മാതൃകാപരമായ പാര്‍ട്ടി’- സതീശന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *