പിഎം ശ്രീ പദ്ധതിയിൽ സര്‍ക്കാര്‍ ഒപ്പുവെച്ചതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സര്‍ക്കാര്‍ ഒപ്പുവെച്ചതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഐ പോലും അറിയാതെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. സിപിഎം ബിജെപി ബന്ധത്തിന് ഇടനില ആയിരിക്കുകയാണ് ഇപ്പോൾ പി എം ശ്രീ. മോദിയെ മുഖ്യമന്ത്രി കണ്ടതിന് പിന്നാലെയാണ് ഒപ്പുവെച്ചത്. ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണ് സർക്കാർ.

സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാട് പോലും നോക്കിയില്ല. സർക്കാരിന്റേത് ഏകപക്ഷീയ തീരുമാനമെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. സിപിഐയേക്കാൾ വലുതാണ് സിപിഎമ്മിന് ബിജെപി എന്ന് തെളിയിച്ചു. നിബന്ധനകളിൽ എതിർപ്പ് അറിയിക്കാതെയാണ് ഒപ്പ് വെച്ചിരിക്കുന്നത്. നാണക്കേട് സഹിച്ച് മുന്നണിയിൽ നിൽക്കണമോ എന്ന് സിപിഐ തീരുമാനിക്കണമെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു.

പദ്ധതിക്ക് പണം വാങ്ങിക്കുന്നതിൽ തെറ്റില്ല. നിബന്ധനകളിൽ എതിർപ്പ് അറിയിക്കാതെയാണ് ഒപ്പുവച്ചിരിക്കുന്നത്. കോൺഗ്രസ് ഭരിച്ച സംസ്ഥാനങ്ങൾ ഒപ്പുവച്ചപ്പോൾ നിബന്ധനകളില്ല. പണം വാങ്ങിക്കരുതെന്ന് പ്രതിപക്ഷം പറയുന്നില്ല. കേന്ദ്രത്തിന്റെ നിബന്ധനകൾക്ക് നിരുപാധികം കീഴടങ്ങുന്നതിലാണ് എതിർപ്പ്. മന്ത്രിസഭയിലും മുന്നണിയിലും ഒരു ചർച്ച പോലും നടത്തിയില്ല. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഇത് തുടരില്ലെന്നും വാര്‍ത്താസമ്മേളനത്തിൽ വി ഡി സതീശൻ വ്യക്തമാക്കി. 

നാണക്കേട് സഹിച്ച് എൽ ഡി എഫിൽ തുടരണമോയെന്ന് തീരുമാനിക്കേണ്ടത് സിപിഐയാണ്. രാഷ്ട്രീയ തീരുമാനം എടുക്കേണ്ടത് അവരാണ്. തീരുമാനം എടുത്താൽ സ്വാഗതം ചെയ്യണമോയെന്ന് അപ്പോൾ തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എന്ത് രാഷ്ട്രീയ സമ്മർദ്ദം ആണ് ഉണ്ടായതെന്ന് വ്യകതമാക്കേണ്ടത് മുഖ്യമന്ത്രിയാണ്. പ്രധാനമന്ത്രിയെ കണ്ടതിനു ശേഷമാണ് നിലപാട് മാറിയതെന്ന് ചൂണ്ടിക്കാട്ടിയ വിഡി സതീശൻ മുഖ്യമന്ത്രിക്ക് കേന്ദ്രത്തെ ഭയമാണെന്നും വിമര്‍ശിച്ചു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *