മോദി സർക്കാരിന്റെ മൂന്നാം ബഡ്ജറ്റിനെക്കുറിച്ച് പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

ന്യൂഡൽഹി: മോദി സർക്കാരിന്റെ മൂന്നാം ബഡ്ജറ്റിനെക്കുറിച്ച് പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തന്റെ അഭിപ്രായങ്ങൾ പങ്കുവയ്ക്കാൻ പാർലമെന്റ് വേദിയായി ഉപയോഗിക്കുമെന്നും രാഹുൽ പറഞ്ഞു. പാർലമെന്റിന് പുറത്ത് കാത്തുനിന്ന മാദ്ധ്യമപ്രവർത്തകരോടാണ് ഇക്കാര്യം രാഹുൽ പറഞ്ഞത്.
‘പാർലമെന്റ് നൽകുന്ന വേദി ഉപയോഗിച്ച് നാളെ സംസാരിക്കും’- രാഹുൽ പറഞ്ഞു. രാഹുലിനൊപ്പം സഹോദരിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയും ഉണ്ടായിരുന്നു. പ്രിയങ്ക ഗാന്ധിയും മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല.
മണിക്കൂറുകൾക്ക് മുൻപാണ് മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബഡ്ജറ്റ് അവതരണം പൂർത്തിയായത്. ധനമന്ത്രി നിർമ്മല സീതാരാമനാണ് ലോക്സഭയിൽ അവതരിപ്പിച്ചത്. ഇന്ത്യ സാമ്പത്തിക വളർച്ച നേടിയെന്നും സ്ഥിരത കെെവരിച്ചെന്നും ധനമന്ത്രി അറിയിച്ചു.
രാജ്യത്ത് ദാരിദ്ര നിർമ്മാർജ്ജനം നടത്തിയെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. ബഡ്ജറ്റിൽ എയിംസ് അടക്കം പ്രതീക്ഷിച്ച കേരളത്തിന് ഒന്നും ലഭിച്ചില്ല. ഏഴ് അതിവേഗ റെയിൽവേ ഇടനാഴികൾ പ്രഖ്യാപിച്ചതിൽ കേരളത്തെ ഉൾപ്പെടുത്തിയില്ല. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് അടക്കമുള്ള ദക്ഷിണേന്ത്യൻ നഗരങ്ങളെ ഉൾപ്പെടുത്തിയെങ്കിലും കേരളത്തിലെ നഗരങ്ങളെ ഒഴിവാക്കി.



