ഓപ്പറേഷൻ സിന്ദൂർ:വിദേശ പര്യടന സംഘത്തിൽ മൂന്ന് മലയാളി എംപിമാരും മുൻ കേന്ദ്രമന്ത്രിയും

ദില്ലി: പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരവാദത്തെ  ലോകത്തിനു മുന്നില്‍ കൂടുതല്‍  തുറന്ന് കാട്ടാന്‍  വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യ ഏഴ് പ്രതിനിധി സംഘങ്ങളെ അയക്കും. മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ, എംപിമാരായ ഇ ടി മുഹമ്മദ് ബഷീർ, ജോണ് ബ്രിട്ടാസ് എന്നീ മലയാളികളും സംഘത്തിന്റെ ഭാഗമാകും. യുഎസ്, യുകെ എന്നിവിടങ്ങളിലേക്കുള്ള സംഘത്തെ നയിക്കാനുള്ള ക്ഷണം തരൂര്‍ സ്വീകരിച്ചു. വിദേശകാര്യ പാര്‍ലമെന്‍ററി സമിതിയുടെ ചെയര്‍മാനെന്ന നിലക്കാണ് തരൂരിനെ പരിഗണിക്കുന്നതെങ്കിലും കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ലക്ഷ്യം. ഇതിനിടെ സമിതിയുമായി സഹകരിക്കുമെന്ന് കോണ്‍ഗ്രസ്  നിലപാടറിയിച്ചു.

നയതന്ത്ര തലത്തിലെ ഇന്ത്യയുടെ മറ്റൊരു നിര്‍ണ്ണായക നീക്കമാണിത്. ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ പാകിസ്ഥാനെ കൂടുതല്‍ തുറന്ന് കാട്ടാന്‍ പ്രതിനിധി സംഘത്തെ അയക്കാന്‍ ഇന്ത്യയുടെ തീരുമാനം. പഹല്‍ഗാം ആക്രമണം മുതല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വരെയുള്ള  നിര്‍ണ്ണായക നാളുകള്‍ വിശദീകരിക്കുകയാണ് സംഘങ്ങളുടെ ദൗത്യം.  ഈ മാസം 22 മുതല്‍ അടുത്ത മാസം പകുതിവരെ നീളുന്ന ദൗത്യം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍  നിന്നുമുള്ള എംപിമാരും മുന്‍ മന്ത്രിമാരും നയതന്ത്ര ഉദ്യോഗസ്ഥരും   ഉള്‍പ്പെടുന്ന ഏഴ് സംഘങ്ങളാകും പര്യടനം നടത്തുക.

യുഎസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിലാകും പര്യടനം. രാഷ്ട്രീയ പാര്‍ട്ടികളോടാലോചിക്കാതെ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് എംപിമാരുടെ പട്ടിക തയ്യാറാക്കിയത്. യുഎസ്, യുകെ എന്നിവിടങ്ങളിലേക്കുള്ള സംഘത്തെ നയിക്കാനുള്ള ക്ഷണം തരൂര്‍ സ്വീകരിച്ചു. കേരളത്തില്‍ നിന്ന് ജോണ്‍ ബ്രിട്ടാസ് എംപി, ഇ ടി മുഹമ്മദ് ബഷീർ, വി മുരളീധരൻ എന്നിവരും പ്രതിനിധി സംഘത്തിലുണ്ട്.  തരൂരിനെ പുറമെ ബൈജയന്ത് പാണ്ഡ, രവിശങ്കർ പ്രസാദ്, സഞ്ജയ് ഝാ, ശ്രീകാന്ത് ഷിൻഡെ, കനിമൊഴി, സുപ്രിയ സുലെ എന്നിവരാകും മറ്റു സംഘങ്ങളെ നയിക്കുക.

തരൂരിനെ പരിഗണിച്ചതിലൂടെ  കോണ്‍ഗ്രസിന്‍റെ ഉത്തരം മുട്ടിക്കുക കൂടിയാണ് ബിജെപിയുടെ ഉന്നം. ഇന്ത്യ പാക് സംഘര്‍ഷത്തില്‍  പാര്‍ട്ടി നിലപാട് മറികടന്ന്  കേന്ദ്രസര്‍ക്കാരിന് തരൂര്‍ വലിയ പിന്തുണയാണ് നല്‍കുന്നത്.  അഭിപ്രായ പ്രകടനത്തില്‍ പാര്‍ട്ടി ലക്ഷ്മണ രേഖ വരച്ചെങ്കിലും വിദേശകാര്യ വിഷയത്തില്‍ സ്വന്തം നിലക്ക് അഭിപ്രായം പറയുമെന്ന് തന്നെയാണ് തരൂര്‍ ആവര്‍ത്തിക്കുന്നത്. ബിജെപിയുടെ നീക്കം മനസിലാക്കി കോണ്‍ഗ്രസ് നിലപാട് മുന്‍കൂട്ടി അറിയിച്ചിരിക്കുകയാണ്. സമിതിയുമായി സഹകരിക്കും.  ഇപ്പോഴത്തെ സാഹചര്യം പ്രയോജനപ്പെടുത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാനും മറ്റുള്ള പാര്‍ട്ടികളെ  വെട്ടിലാക്കാനുമാണ് ബിജെപി നോക്കുന്നതെന്നാണ് നേതൃത്വത്തിന്‍റെ പ്രതികരണം. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *