ഓപറേഷൻ സിന്ദൂർ: 9 ഭീകര കേന്ദ്രങ്ങൾ തകർത്തെന്ന് സൈന്യം; ‘വധിച്ചത് ഭീകരരെ മാത്രം, ആക്രമിച്ചാൽ തിരിച്ചടിക്കും’

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ട് ഇന്ത്യ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവർ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്.
പഹല്‍ഗാമില്‍ നടന്നത് ക്രൂരമായ ആക്രമണമാണെന്നും ജമ്മു കാശ്മീരിന്റെ സമാധാനം ഇല്ലാതാക്കാനുള്ള ആക്രമണമാണ് നടന്നതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയ്ക്ക് പാകിസ്ഥാന്റെ ഭീകരതയെ തടയാന്‍ കഴിഞ്ഞില്ല. ആക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തമാണ്. പാകിസ്ഥാന് ഭീകരതയ്ക്കുള്ള മറുപടിയാണ് നല്‍കിയത്. ആക്രമിച്ചത് പാകിസ്ഥാന്റെ ഭീകര കേന്ദ്രങ്ങളെയാണ്. പാക് ഭീകരരുടെ ലോഞ്ച് പാഡ് തകര്‍ത്തു. ഭീകരത ഇല്ലാതാക്കാന്‍ പാകിസ്ഥാന് ഒന്നും ചെയ്തിട്ടില്ലെന്നും ഐക്യരാഷ്ട്രസഭയെ അടക്കം തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചുവെന്ന് കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. ഭീകരര്‍ക്ക് പരിശീലനം നല്കുന്ന കേന്ദ്രങ്ങളാണ് ആക്രമിച്ചത്. പാകിസ്ഥാനിലും പാക്കധീന കശ്മീരിലും ഇത്തരം ഭീകര കേന്ദ്രങ്ങള്‍ ലൊക്കേറ്റ് ചെയ്ത് രഹസ്യാന്വേഷണ ഏജന്‍സിയുടെ സഹായത്തോടെയാണ് ആക്രമണം നടത്തിയത്. സാധാരണ പൗരന്മാര്ക്ക് നേരെ ഒരാക്രമണവും നടത്തിയിട്ടില്ല. നിയന്ത്രണ രേഖയില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരത്തില്‍ മുസഫറാബാദിൽ ലഷ്കര്‍ ഇ തൊയ്ബയുടെ പ്രധാന കേന്ദ്രമുണ്ടെന്നും അത് ലക്ഷ്യംവെച്ചുവെന്നും അവർ പറഞ്ഞു.
സോഷ്യൽ മീഡിയ തിരയുന്ന കേണൽ സോഫിയ ഖുറേഷി ആരാണ്? നിങ്ങൾക്കറിയാമോ?



