ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്

ലണ്ടൻ: ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടെ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ളണ്ട് മുൻ നായകനും കമന്റേറ്ററുമായ നാസർ ഹുസെയ്‌ൻ. ലോകകപ്പുമായി ബന്ധപ്പെട്ട് ബംഗ്ളാദേശിനെതിരെ ഐസിസി നടപടി സ്വീകരിച്ചതിനെതിരെയാണ് നാസർ ഹുസെയ്‌ൻ വിമർശനം ഉന്നയിച്ചത്.
എല്ലാ ടീമുകളോടും ഐസിസി സ്ഥിരതയുള്ള സമീപനം സ്വീകരിക്കണം എന്നാണ് നാസർ ഹുസെയ്ന്റെ ആവശ്യം. ബംഗ്ളാദേശിന് സമാനമായ ആവശ്യം ഇന്ത്യയാണ് ഉന്നയിച്ചിരുന്നതെങ്കിൽ ഐസിസി പുറത്താക്കുമായിരുന്നോയെന്ന് നാസർ ഹുസെയ്‌ൻ ചോദിച്ചു. മൈക്കിൾ ആതർട്ടണുമൊത്തുള്ള ക്രിക്കറ്റ് നിരീക്ഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായ ബംഗ്ളാദേശിന്റെ മുസ്‌തഫിസുർ റഹ്‌മാനെ ബിസിസിഐ നിർദ്ദേശപ്രകാരം റിലീസ് ചെയ്‌തതോടെയാണ് ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡിന്റെ പ്രശ്‌നങ്ങൾ ആരംഭിച്ചത്.
സുരക്ഷാഭീഷണിയുള്ളതിനാൽ ഇന്ത്യയിലെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നായിരുന്നു ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം. എന്നാൽ ഐസിസി ഈ ആവശ്യം നിരാകരിച്ചതോടെ ട്വന്റി20 ലോകകപ്പ് ബഹിഷ്‌കരിക്കും എന്ന ഭീഷണി ബംഗ്ളാദേശ് മുഴക്കി. ഇതോടെ ബംഗ്ളാദേശിനെ ലോകകപ്പിൽ നിന്ന് ഐസിസി പുറത്താക്കി. പകരം റാങ്കിംഗിൽ മുന്നിലുള്ള സ്‌കോട്‌ലൻഡിനെ യോഗ്യതയില്ലാതിരുന്നിട്ടും ലോകകപ്പിൽ ഉൾപ്പെടുത്തി.ബംഗ്ളാദേശിന് പിന്തുണയുമായി ഇന്ത്യയുമായുള്ള മത്സരം കളിക്കില്ല എന്ന് പാകിസ്ഥാൻ അറിയിച്ചിട്ടുണ്ട്.
ഇത് കോടികളുടെ ബിസിനസ് നഷ്‌ടം ഐസിസിക്കുണ്ടാകുമെന്ന് ഉറപ്പാണ്. ഇതോടെ മത്സരത്തിൽ പങ്കെടുത്തില്ലെങ്കിൽ നിയമപരമായും സാമ്പത്തികപരമായും നേരിടുമെന്ന് ഐസിസി പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ നാസർ ഹുസെയ്ൻ ബംഗ്ളാദേശിനും പാകിസ്ഥാനും അനുകൂലമാണ്.’ഇന്ത്യ ഒരുമാസം മുൻപ് ഞങ്ങളുടെ സർക്കാർ ഒരു രാജ്യത്ത് കളിക്കാൻ അനുവദിക്കുന്നില്ലെന്ന് പറഞ്ഞാൽ ഐസിസി എങ്ങനെ പ്രതികരിക്കും നിയമം നിങ്ങൾക്കറിയാം.
നിങ്ങളെ ഞങ്ങൾ പുറത്താക്കുമെന്ന് പറയുമോ ബംഗ്ളാദേശിനെയും പാകിസ്ഥാനെയും ഇന്ത്യയെയും ഒരേ രീതിയിലാണ് കൈകാര്യം ചെയ്യേണ്ടത്. സ്ഥിരതയാണ് എല്ലാവരും ചോദിക്കുന്നത്.’ നാസർ ഹുസൈൻ പറഞ്ഞു. ഇന്ത്യൻ ആരാധകരെയും ഹുസെയ്‌ൻ കണക്കിന് പരിഹസിച്ചു. ‘ഉറക്കെ കരയൂ…ഞങ്ങളുടെ കൈയിലാണ് പണം എന്നൊക്കെ ഇന്ത്യൻ ആരാധകർ പറയുമായിരിക്കും.’ എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം 23 വർഷം മുൻപ് ലോകകപ്പിൽ സിംബാബ്‌വെയ്‌ക്കെതിരായ മത്സരം റോബർട്ട് മുഗാബേയോടുള്ള എതിർപ്പ് കാരണം ഇംഗ്ളണ്ട് ടീം ബഹിഷ്‌കരിച്ചത് ഓർമ്മിപ്പിച്ച് ഇന്ത്യൻ ആരാധകർ ഹുസെയ്‌ന് ശക്തമായ മറുപടി സമൂഹമാദ്ധ്യമങ്ങളിൽ നൽകുന്നുണ്ട്. അന്ന് ഇംഗ്ളണ്ടിനെ നയിച്ചത് നാസർ ഹുസെയ്‌നായിരുന്നു.



