സംസ്ഥാനത്ത് ഒരാൾക്ക് കൂടി മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് ഒരാൾക്ക് കൂടി മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു . കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വയനാട് സ്വദേശിയായ 25കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചിക്തസയിലുള്ളവരുടെ എണ്ണം എട്ടായി. ഇന്നലെ 45കാരനായ വയനാട് ബത്തേരി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. നിലവിൽ മലപ്പുറം,​ കോഴിക്കോട് ജില്ലകളിൽ നിന്നുള്ള മൂന്നുപേർ വീതവും വയനാട് ജില്ലയിൽ നിന്നുള്ള രണ്ടുപേരുമാണ് ആശുപത്രിയിലുള്ളത്.

ദിവസങ്ങൾക്ക് മുൻപ് കോഴിക്കോട്ട് ഏഴു വയസുകാരനും രോഗം സ്ഥിരീകരിച്ചിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച താമരശേരി സ്വദേശിയായ ഒമ്പത് വയസുകാരി അനയയുടെ സഹോദരനാണ് രോഗം സ്ഥിരീകരിച്ചത്. വീടിന് സമീപത്തെ കുളത്തിൽ നിന്ന് ഈ കുട്ടിയും കുളിച്ചിരുന്നു. കഴിഞ്ഞ 14ാം തീയതിയാണ് താമരശേരി ആനപ്പാറയിൽ സനൂപിന്റെ മകൾ അനയ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. അനയയും സഹോദരങ്ങളും മൂന്നാഴ്ച മുൻപ് വീടിന് സമീപത്തെ കുളത്തിൽ നീന്തൽ പരിശീലിച്ചിരുന്നു.

ഈ കുളമാണ് രോഗകാരണമായ ജലസ്രോതസെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.ബുധനാഴ്ച മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുകാരിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കുട്ടി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കടുത്ത പനി ബാധിച്ച കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് രാത്രിയോടെ കുട്ടിയുടെ സ്രവം ശേഖരിച്ചു. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിലാണ് പരിശോധന നടത്തിയത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന ഉടൻ നടത്തുമെന്ന് ആരോഗ്യവിദഗ്ദ്ധർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *