താൻ ജീവിതത്തിൽ നേരിട്ട് കാണാൻ ആഗ്രഹിച്ച ഒരേയൊരു നടന്റെ പേര് വെളിപ്പെടുത്തി മലയാളത്തിന്റെ സൂപ്പർനായിക ഷീല. സംവിധായകനും നടനുമായ ബേസിൽ ജോസഫിനെയാണ് താൻ നേരിട്ട് കാണാൻ ആഗ്രഹിച്ചതെന്ന് നടി പറഞ്ഞു. ജെഎഫ്‌ഡബ്ള്യൂ മൂവി അവാർഡിൽ മലയാളം വിഭാഗത്തിലെ മാൻ ഒഫ് ദി ഇയർ പുരസ്‌കാരം ബേസിലിന് കൈമാറിയതിനുശേഷം സംസാരിക്കുകയായിരുന്നു അവർ.’ഞങ്ങളുടെ മലയാള സിനിമയിലെ കണ്ണിലുണ്ണിയാണ് ബേസിൽ ജോസഫ്. എല്ലാ വീടുകളിലെയും ഓമനക്കുട്ടനാണ്. ബേസിലിന്റെ വീട്ടിലെ ഒരാളായാണ് എല്ലാവരും കാണുന്നത്. ഇദ്ദേഹത്തിന്റെ ആദ്യ പടം മുതൽ പൊന്മാൻവരെ എല്ലാ ചിത്രങ്ങളും രണ്ടുപ്രാവശ്യം കണ്ടിട്ടുണ്ട്.
ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയിൽ പൃഥ്വിരാജും ബേസിലും കുടിച്ചിങ്ങനെ ഇരിക്കുന്ന ഒരു സീനുണ്ട്, എന്റെ ദൈവമേ എന്തൊരു അഭിനയമാണ്. ഇനിയും ഒരുപാട് പടങ്ങളിൽ അഭിനയിക്കണം. കുറേ പ്രായം ആകുമ്പോൾ ഡയറക്ഷൻ മാത്രം മതി കേട്ടോ. ഞാൻ ഇതുവരെയും ഒരു നടനെ നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചിട്ടില്ല. ആദ്യമായി ആഗ്രഹിച്ച ഒരേയൊരാൾ ബേസിലാണ്’-ഷീല പറഞ്ഞു.ഷീലയുടെ വാക്കുകൾ കേട്ട് വികാരാധീനനായ ബേസിൽ, താൻ വളരെയേറെ സന്തോഷവാനാണെന്ന് പറഞ്ഞു. പുരസ്‌കാരം സ്വീകരിച്ചതിനുശേഷം മറ്റെന്തൊക്കെയോ പറയണമെന്ന് വിചാരിച്ചതാണ്. ഷീലയുടെ നല്ല വാക്കുകൾ കേട്ട് എല്ലാം മറന്നുപോയി. ഷീല മാമിനെ പോലെ ഒരാൾ എന്നെക്കുറിച്ച് ഇങ്ങനെയൊന്നും പറയേണ്ട കാര്യമില്ല. താൻ ഭയങ്കര ഹാപ്പിയാണെന്നും ബേസിൽ ജോസഫ് പറഞ്ഞു.