ദൈവത്തിന്റെ പേരിൽ സത്യപ്രതിജ്ഞ; പരാതിയുമായി സിപിഎം

തിരുവനന്തപുരം: കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാര്‍ ദൈവങ്ങളുടെ പേരു പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടി മേയര്‍ തിരഞ്ഞെടുപ്പിലെ വോട്ടുകളുടെ സാധുത ചോദ്യം ചെയ്ത് സിപിഎം. 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ കലക്ടര്‍ക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും പരാതി നല്‍കി.

ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തത് ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടറി വി.ജോയിയും എസ്.പി.ദീപക്കുമാണ് പരാതി നല്‍കിയത്. നാളെ കോടതിലും പരാതി നല്‍കും. സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ടാല്‍ നാളത്തെ മേയര്‍ തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ കഴിയുമോ എന്ന ചോദ്യമാണ് ഉയരുന്നത്. മുന്‍സിപ്പല്‍ നിയമപ്രകാരം നിശ്ചിതദിവസം സത്യപ്രതിജ്ഞ ചെയ്ത അംഗങ്ങള്‍ക്കു മാത്രമേ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കു മത്സരിക്കാനും വോട്ട് ചെയ്യാനും കഴിയൂ. മുനിസിപ്പല്‍ നിയമത്തിന്റെ മൂന്നാം ഷെഡ്യൂളില്‍ ‘ദൈവ നാമത്തില്‍ (in the name of god)’ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ചട്ടമെന്നിരിക്കെ ദൈവങ്ങളുടെ പേര് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തത് അസാധുവാണെന്ന് വി.ജോയി എംഎല്‍എ മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു. നിയമപ്രകാരം സത്യപ്രതിജ്ഞ ചെയ്യാത്ത അംഗങ്ങള്‍ നാളെ നടക്കുന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ യോഗ്യരാണോ എന്ന നിയമപ്രശ്നമാണ് ഉടലെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 20 പേരാണ് ചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്.

ഇതു സംബന്ധിച്ച് നിരവധി സുപ്രീംകോടതി വിധികള്‍ നിലവിലുണ്ട്. ചട്ടംലംഘിച്ച് സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ തന്നെ അവിടെയുണ്ടായിരുന്ന കലക്ടര്‍ തിരുത്തണമായിരുന്നു. പരാതി ഉയര്‍ന്നഘട്ടത്തില്‍ അവര്‍ക്കു വേണ്ടി വീണ്ടും സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനും കഴിയുമായിരുന്നു. എന്നാല്‍ അതൊന്നും ഇവിടെ ചെയ്തിട്ടില്ല. ആ സാഹചര്യത്തില്‍ നിയമപ്രകാരം സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ക്ക് അംഗങ്ങളെന്ന നിലയില്‍ നാളെ നടക്കുന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നിയമപരമായ അവകാശം ഉണ്ടോ എന്ന പ്രശ്നമാണ് ഉയരുന്നതെന്നും വി.ജോയി പറഞ്ഞു.

അയ്യപ്പന്റെയും പത്മനാഭ സ്വാമിയുടെയും ഗുരുദേവന്റെയും പേരിലും കൗണ്‍സിലര്‍മാര്‍ പ്രതിജ്ഞ ചൊല്ലിയിരുന്നു. ആര്‍. സുഗതന്‍, കരമന അജിത്, ആര്‍.സി.ബീന, പി.സരിത, ദീപ എസ്.നായര്‍ തുടങ്ങിയ ബിജെപി അംഗങ്ങള്‍ ശ്രീപത്മനാഭസ്വാമിയുടെ നാമത്തിലാണ് പ്രതിജ്ഞ ചെയ്തത്. ‘ബലിദാനികള്‍ അമരന്മാര്‍’ എന്നു പറഞ്ഞാണ് വലിയവിള കൗണ്‍സിലര്‍ വി.ജി. ഗിരികുമാര്‍ പ്രതിജ്ഞ അവസാനിപ്പിച്ചത്.

കുന്നുകുഴി കൗണ്‍സിലര്‍ എ.മേരി പുഷ്പവും കരുമം കൗണ്‍സിലര്‍ ജി.എസ്. ആശാനാഥും ‘സ്വാമിയേ ശരണമയ്യപ്പാ…’ ചൊല്ലി സത്യപ്രതിജ്ഞ അവസാനിപ്പിച്ചു. ഗുരുദേവന്‍, ശ്രീകണ്ഠേശ്വരം മഹാദേവന്‍, ഇരുംകുളങ്ങര ദുര്‍ഗാ ഭഗവതി ദേവി, ഉദിയന്നൂര്‍ ദേവി തുടങ്ങിയ ദേവ പ്രതിഷ്ഠകളുടെ പേരിലും കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു. ബീമാപള്ളി കൗണ്‍സിലര്‍ ഇ. സജീന ബീവി അല്ലാഹുവിന്റെ നാമത്തിലാണ് പ്രതിജ്ഞ ചൊല്ലിയത്. രക്തസാക്ഷികള്‍ക്ക് സിന്ദാബാദ് അര്‍പ്പിച്ചാണ് ചെല്ലമംഗലം കൗണ്‍സിലര്‍ ആര്‍. അരുണ്‍ സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്.

ദൈവങ്ങളുടെ പേര് പറഞ്ഞു സത്യപ്രതിജ്ഞ ചെയ്തതില്‍ തദ്ദേശ വകുപ്പിനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും നിരവധി പരാതികളാണു ലഭിച്ചിരിക്കുന്നത്. ദൈവനാമത്തില്‍ എന്നല്ലാതെ ദൈവങ്ങളുടെയും പേര് പറയാന്‍ ചട്ടപ്രകാരം കഴിയില്ലെന്നും ആ സാഹചര്യത്തില്‍ ഇവരുടെ സത്യപ്രതിജ്ഞ നിയമവിരുദ്ധമാണെന്നുമാണ് പരാതിയിലുള്ളത്. സത്യവാചകത്തില്‍ ഇല്ലാത്ത പേരുകള്‍ പറഞ്ഞുള്ള സത്യപ്രതിജ്ഞ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്.

ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ വീണ്ടും യഥാരീതിയില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഉത്തരവുണ്ടാകുമെന്നും ഇവര്‍ സൂചിപ്പിക്കുന്നു. സത്യപ്രതിജ്ഞയിൽ ചട്ടലംഘനം ഉണ്ടോയെന്നു പരിശോധിച്ച് തീരുമാനമെടുക്കേണ്ടത് കോടതിയാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അധികൃതർ പറഞ്ഞു. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊടുങ്ങല്ലൂര്‍ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ട ജെഎസ്എസ് നേതാവ് ഉമേഷ് ചള്ളിയില്‍ ഗുരുദേവന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തത് 2003ല്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

പൊതുതാല്‍പര്യ ഹര്‍ജി അംഗീകരിച്ച ചീഫ് ജസ്റ്റിസ് ജെ. എല്‍. ഗുപ്തയും ജസ്റ്റിസ് ആര്‍. ബസന്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് സത്യപ്രതിജ്ഞ അസാധുവെന്ന് വിധിക്കുകയായിരുന്നു. സഭാംഗമാവാന്‍ ഉമേഷ് ചള്ളിയില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും അതുവരെ സഭയില്‍ ഇരുന്ന ഓരോ ദിവസത്തിനും പിഴ ഈടാക്കണമെന്നും ഡിവിഷന്‍ ബെഞ്ച് വിധിച്ചു. ഇതനുസരിച്ച് ഉമേഷ് ചള്ളിയില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. പിഴയായി 41,000 രൂപയാണ് അടയ്‌ക്കേണ്ടി വന്നത്. വിധിക്കെതിരെ ഉമേഷ് ചള്ളിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും സുപ്രീം കോടതി കേരള ഹൈക്കോടതിയുടെ വിധി ശരിവയ്ക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *