ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ ജയിൽ മോചിതരായി

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ ജയിൽ മോചിതരായി. ഇന്ന് രാവിലെയാണ് എൻഐഎ കോടതി കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചത്. എട്ട് ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് കന്യാസ്ത്രീകൾ പുറത്തിറങ്ങുന്നത്. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും എംപിമാരും സഭാ അധികൃതരും കന്യാസ്ത്രീകളെ സ്വീകരിക്കാൻ എത്തിയിരുന്നു.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് സംശയത്തിന്റെ പേരിലാണെന്നാണ് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ എൻഐഎ കോടതി പറഞ്ഞത്. സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ്, ആദിവാസി യുവാവ് സുഖ്മാൻ മണ്ഡവി എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കന്യാസ്ത്രീകൾക്ക് മുൻകാല കുറ്റകൃത്യ പശ്ചാത്തലമില്ല. ക്രിമിനൽ സ്വഭാവമുള്ളവരല്ല കന്യാസ്ത്രീകളെന്നും കോടതി പറഞ്ഞു.
മതപരിവർത്തനത്തിനോ മനുഷ്യക്കടത്തിനോ അല്ല യുവതികൾ കന്യാസ്ത്രീകൾക്കൊപ്പം പോയത്. ഇക്കാര്യം യുവതികളുടെ മാതാപിതാക്കളുടെ സത്യവാങ്മൂലത്തിൽ നിന്ന് വ്യക്തമാണ്. കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന രണ്ടുപേർ കുട്ടിക്കാലം മുതൽ ക്രിസ്തുമത വിശ്വാസികളാണ്. കുറ്റകൃത്യം നിലനിൽക്കുമോ എന്ന് വിചാരണ വേളയിൽ പരിശോധിക്കട്ടെയെന്നും കോടതി പറഞ്ഞു.