ഇറാനെതിരെ ആണവാക്രമണമോ? അഭ്യൂഹങ്ങൾ തള്ളി വൈറ്റ് ഹൗസ്

റാനെതിരെ അമേരിക്ക ആണവായുധം പ്രയോഗിച്ചേക്കുമെന്ന തരത്തിൽ ആഗോളതലത്തിൽ പടരുന്ന ആശങ്കകളെ വൈറ്റ് ഹൗസ് തള്ളി. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇത്തരമൊരു സൂചന നൽകിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഭരണകൂടം വ്യക്തമാക്കി. ഇറാൻ നിലപാട് മാറ്റിയില്ലെങ്കിൽ ‘ഇതുവരെ പ്രയോഗിക്കാത്ത ആയുധങ്ങൾ’ പ്രസിഡന്റ് പുറത്തെടുക്കുമെന്ന് ഹംഗറിയിൽ വെച്ച് വാൻസ് പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ ട്രംപിന്റെ ‘നാഗരികത ഇല്ലാതാകും’ എന്ന പോസ്റ്റുമായി ചേർത്തുവെച്ചാണ് ആണവായുധ ചർച്ചകൾ സജീവമായത്.

ഡെമോക്രാറ്റിക് അനുകൂലികൾ ഉൾപ്പെടെയുള്ളവർ വാൻസിന്റെ വാക്കുകൾ ആണവാക്രമണത്തിനുള്ള മുന്നറിയിപ്പാണെന്ന് ആരോപിച്ചതോടെയാണ് വൈറ്റ് ഹൗസ് വിശദീകരണവുമായി രംഗത്തെത്തിയത്. വൈസ് പ്രസിഡന്റിന്റെ വാക്കുകളിൽ അങ്ങനെയൊരു അർത്ഥമില്ലെന്നും പ്രചാരണങ്ങൾ വ്യാജമാണെന്നും അധികൃതർ പറഞ്ഞു. എന്നിരുന്നാലും, ട്രംപ് നൽകിയ സമയപരിധി അവസാനിക്കാനിരിക്കെ, മേഖലയിൽ എന്തും സംഭവിക്കാമെന്ന ഭീതി ഭരണ-പ്രതിപക്ഷ ഭേദമന്യേ അമേരിക്കയിൽ പുകയുകയാണ്.

ഇറാനിലെ നിർണ്ണായകമായ ആണവനിലയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ അതിശക്തമായ പരമ്പരാഗത സൈനിക നീക്കം ഉണ്ടായേക്കുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ. ട്രംപിന്റെയും വാൻസിന്റെയും പ്രസ്താവനകളിൽ കൂടുതൽ വ്യക്തത തേടി രാജ്യാന്തര മാധ്യമങ്ങൾ വൈറ്റ് ഹൗസിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. വരും മണിക്കൂറുകളിൽ അമേരിക്ക സ്വീകരിക്കുന്ന സൈനിക നടപടി പശ്ചിമേഷ്യയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ സമാധാനത്തെ ബാധിക്കുമെന്നതിനാൽ അതീവ ജാഗ്രതയിലാണ് ലോകരാജ്യങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *