‘എൻഎസ്‌എസ് സമദൂരം കൈവെടിഞ്ഞില്ല’; സുകുമാരൻ നായരുമായി ചർച്ച നടത്തി പിജെ കുര്യൻ

കോട്ടയം: വിശ്വാസ സംരക്ഷണത്തിൽ മുഖ്യമന്ത്രിയിലും എൽഡിഎഫ് സർക്കാരിലും വിശ്വാസമുണ്ടെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ എൻഎസ്‌എസുമായി ചർച്ചകൾക്ക് തുടക്കമിട്ട് കോൺഗ്രസ്. മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ പെരുന്നയിലെ എൻഎസ്‌എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി ചർച്ച നടത്തി.

സുകുമാരൻ നായരുടെ പ്രസ്‌താവന മാദ്ധ്യമങ്ങൾ വളച്ചൊടിച്ചിട്ടുണ്ട്. അവർ സമദൂരം കൈവിട്ടിട്ടില്ല. വിശ്വാസവും ആചാരവും സംരക്ഷിക്കപ്പെടണമെന്നതാണ് എൻഎസ്‌എസ് എപ്പോഴും ഉന്നയിച്ചിരുന്നത്. എൽഡിഎഫ് അതിന് എതിരായിരുന്നു. ഇപ്പോഴവർ തെറ്റ് തിരുത്തി എൻഎസ്എസ് നിലപാടിലേക്ക് വന്നു. അപ്പോഴാണ് എൻഎസ്എസ് അതിനെ സ്വാഗതം ചെയ്‌തത്. അതൊരു സ്വാഭാവിക നടപടിയാണ്. അതിന് രാഷ്‌ട്രീയമാനം നൽകുമ്പോഴാണ് തെറ്റിദ്ധരിക്കപ്പെടുന്നത്.എൻഎസ്എസ് ഒരു സാമുദായിക സംഘടനയാണ്.

അവരുടെ നിലപാടിനോട് ഒരു സർക്കാരോ പ്രസ്ഥാനമോ യോജിക്കുമ്പോൾ സ്വാഗതം ചെയ്യേണ്ടത് അവരുടെ കടമയാണ്. അതിൽ രാഷ്‌ട്രീയം നോക്കേണ്ട കാര്യമില്ല. എൻഎസ്‌എസ് ഇപ്പോഴും സമദൂര സിദ്ധാന്തം കൈവെടിഞ്ഞിട്ടില്ലെന്ന് സുകുമാരൻ നായർ രണ്ടാഴ്‌ച മുമ്പ് നടന്ന ബോർഡ് മീറ്റിംഗിലും ആവർത്തിക്കുന്നുണ്ട്. സമദൂരത്തിൽ ശരിദൂര നിലപാടും അവർ സ്വീകരിച്ചിട്ടുണ്ട്.

ആ ശരിദൂരം എന്നത് എൽഡിഎഫോ യുഡിഎഫോ നല്ലകാര്യം ചെയ്യുമ്പോൾ അതിനെ പിന്തുണയ്‌ക്കുകയും മോശമായത് ചെയ്യുമ്പോൾ അത് ചൂണ്ടിക്കാണിക്കുകയും ചെയ്യുക എന്നതാണ്.വിശ്വാസ കാര്യത്തിൽ എൻഎസ്‌എസിന് രാഷ്‌ട്രീയം ഇല്ല. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും നിലപാടുകളെയും എൻഎസ്‌എസ് സ്വാഗതം ചെയ്യുന്നെന്നും സുകുമാരൻ നായർ പറയുകയുണ്ടായി’ – പിജെ കുര്യൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *