ക്രൂഡ് ഓയിലും ഗ്യാസും മാത്രമല്ല മുടങ്ങുന്നത് , ഇറാനിൽ നിന്ന് നേരിടേണ്ടി വരുന്നത് ഭയാനകമായ മറ്റൊരു ഭീഷണി

ഇസ്രയേൽ- യു.എസ് ആക്രമണം ശക്തമാക്കിയതിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ ഉടലെടുത്ത പ്രതിസന്ധിയിൽ ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ ഇന്ധന ക്ഷാമത്തിന്റെ ഭീഷണിയിലാണ്. ക്രൂഡ് ഓയിലിന്റെയും പാചക വാതകത്തിന്റെയും വിതരണം തടസപ്പെട്ടതോടെ സമ്പദ് വ്യവസ്ഥയിലും അതിന്റെ അനുരണനങ്ങൾ കണ്ടു തുടങ്ങി. എന്നാൽ ഇന്ധന ലഭ്യതയുടെ കാര്യത്തിൽ മാത്രമല്ല ഇറാനിൽ നിന്ന് പ്രതിസന്ധി നേരിടേണ്ടി വരിക. അതിനെക്കാൾ ഭയാനകമായ മറ്റൊരു ഭീഷണി ഇറാനിൽ നിന്ന് ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ
ഹോർമുസിലെ കടലിനടിയിലൂടെ കടന്നുപോകുന്ന ഇന്റർനെറ്റ് കേബിളുകൾ (Subsea Cables) ഇറാൻ ലക്ഷ്യം വയ്ക്കാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ശത്രുരാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ ഇറാൻ ഈ ഇന്റർനെറ്റ് കേബിളുകൾക്ക് നേരെ ആക്രമണം നടത്തുമോ എന്നാണ് ആശങ്ക. ലോകത്തെ ഇന്റർനെറ്റ് ഡാറ്റയുടെ 90 ശതമാനത്തിലധികം കൈമാറുന്നത് ഈ കടലിടുക്കിലൂടെ കടന്നു പോകുന്ന ഒപ്ടിക്കൽ ഫൈബർ കേബിളുകളിലൂടെയാണ്.
ആയിരക്കണക്കിന് കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ നേർത്ത കേബിളുകളാണ് വീഡിയോ കോളുകൾ, ഇമെയിലുകൾ മുതൽ ബാങ്കിംഗ് ഇടപാടുകൾക്കും എ.ഐ സേവനങ്ങൾക്കും വരെ ആവശ്യമായ ആഗോള ഇന്റർനെറ്റ് വിവരങ്ങളെല്ലാം വഹിക്കുന്നത്.ചെങ്കടലിൽ മാത്രം 17ഓളം പ്രധാന കേബിളുകളുണ്ടെന്നാണ് റിപ്പോർട്ട്. യൂറോപ്പിനെയും ഏഷ്യയെയും ആഫ്രിക്കയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്റർനെറ്റ് ട്രാഫിക്കിന്റെ മുഖ്യഭാഗവും വഹിക്കുന്നത് ഈ കേബിളുകളാണ്.ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കേബിളുകൾ ഗൾഫ് മേഖലയിലെ വൻകിട ഡാറ്റ സെന്ററുകളെയും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നതാണ്.
ഇന്ത്യയുടെ വിദേശ ഡാറ്റ കണക്ഷനുകൾ ഈ ലൈനുകളുമായി നേരിട്ട് ബന്ധമുള്ളവയാണ്. ഇറാൻ ഈ മേഖലയിൽ മൈനുകൾ വിതറിയിരിക്കുന്നതിനാൽ കേബിളുകൾക്ക് തകരാർ സംഭവിച്ചാൽ അവ അറ്റകുറ്റപ്പണി നടത്താൻ കപ്പലുകൾക്ക് എത്താനാവില്ല, കേബിൾ മുറിക്കപ്പെടുകയോ മൈൻ സ്ഫോടനത്തിൽ തകരുകയോ ചെയ്താൽ ഇന്ത്യയിലെ ബാങ്കിംഗ്, ഐ.ടി മേഖലകൾ നിശ്ചലമാകും.യു.എ.ഇയിലും സൗദിയിലും ഗൂഗിളും മൈക്രോസോഫ്ടും ആമസോണും ഡാറ്റാസെന്ററുകൾക്കായി കോടിക്കണക്കിന്ഡോളറിന്റെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്.
ഇറാൻ കേബിളുകളെ ലക്ഷ്യം വയ്ക്കുമോ എന്ന് വ്യക്തമല്ലെങ്കിലും അതിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല എന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ഹോർമുസ് കടലിടുക്കിലെ ആഴം കുറഞ്ഞ ഭാഗങ്ങളിലൂടെയാണ് കേബിളുകൾ കടന്നുപോകുന്നത് എന്നതിനാൽ ഇത് തകർക്കുന്നതും എളുപ്പമാണ്. ഒരു ചെറിയ അപകടമോ സ്ഫോടനമോ കേടുപാടുകളോ ഉണ്ടായാൽ ആഴ്ചകളോളമോ മാസങ്ങളോളമോ ഇന്റർനെറ്റ് ബന്ധം തകരാറിലാകാൻ സാദ്ധ്യതയുണ്ട്. ഗൾഫ് രാജ്യങ്ങളെയാണ് ഇത് ആദ്യം ബാധിക്കുകയെങ്കിലും ഇന്ത്യയിലെ കേബിളുകൾ കാരണം ഇവിടെയും ഇന്റർനെറ്റ് വേഗത കുറയാനിടയാകും.



