കെ.സി വേണ്ട, സതീശൻ മതി; വി.ഡി. സതീശനായി വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ക്യാമ്പയിൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പോര് ശക്തമാകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് യു.കെ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലെ കോൺഗ്രസ് അനുകൂല സംഘടനകളുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലാണ് വ്യാപക പ്രചാരണം നടക്കുന്നത്.
“കെ.സി. വേണുഗോപാലിനോട് നോ പറയുക, വി.ഡി. സതീശനെ പിന്തുണയ്ക്കുക” എന്നതാണ് ക്യാമ്പയിന്റെ പ്രധാന മുദ്രാവാക്യം. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് വി.ഡി. സതീശനെ അനുകൂലിച്ച് ഇമെയിൽ അയക്കാൻ ഗ്രൂപ്പുകളിൽ നിർദ്ദേശമുണ്ട്. നേതാക്കളുടെ ഇമെയിൽ ഐഡികളും സന്ദേശത്തോടൊപ്പം പ്രചരിക്കുന്നുണ്ട്.
അതേസമയം, വോട്ട് പെട്ടിയിലായതിന് പിന്നാലെ ഇത്തരം ചർച്ചകൾ അനാവശ്യമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. നിലവിൽ എം.എൽ.എ അല്ലാത്ത ഒരാൾ മുഖ്യമന്ത്രിയാകുമോ എന്ന കാര്യത്തിൽ ഇപ്പോൾ മറുപടി പറയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



