‘ഡ്രൈവർക്കെതിരെ കേസെടുത്തില്ല, കസ്റ്റഡി മർദ്ദനം മറച്ചുവയ്ക്കാൻ 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തു

തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ ക്രൂര മർദ്ദനത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കസ്റ്റഡി മർദ്ദനം പുറത്തുപറയാതിരിക്കാൻ പണം വാഗ്ദാനം ചെയ്‌തെന്നാണ് സുജിത്ത് വെളിപ്പെടുത്തിയിരിക്കുന്നത്. യുവാവിനോടും പ്രാദേശിക നേതാവ് വർഗീസ് ചൊവ്വന്നൂരിനോടും പൊലീസ് 20 ലക്ഷം വരെ പണം വാഗ്ദാനം ചെയ്തിരുന്നു.
സംഭവദിവസം പൊലീസ് ജീപ്പോടിച്ച സുഹൈറെന്ന ഉദ്യോഗസ്ഥനും തന്നെ മർദ്ദിച്ചിരുന്നതായി സുജിത്ത് പറഞ്ഞു. ഇയാൾക്കെതിരെ ഇതുവരെയായിട്ടും കേസെടുത്തിട്ടില്ല. പണം വാഗ്ദാനം ചെയ്തപ്പോള്‍ നിയമവഴിയിൽ കാണാമെന്ന് തിരിച്ചു പറഞ്ഞതോടെ ഉദ്യോഗസ്ഥർ പിന്തിരിയുകയായിരുന്നു. ഇപ്പോൾ റവന്യൂ വകുപ്പിലാണ് സുഹൈർ ജോലി ചെയ്യുന്നത്. തന്നെ മർദ്ദിച്ച അഞ്ച് പേർക്കെതിരെയും നടപടി വേണമെന്നാണ് സുജിത്തിന്റെ ആവശ്യം.
കുന്നംകുളം എസ്ഐ നുഹ്‌മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർക്കെതിരെയാണ് നിലവിൽ നടപടിയെടുത്തിരിക്കുന്നത്. ഇവർക്കെതിരെ ദുർബല വകുപ്പുകൾ മാത്രമാണ് ചുമത്തിയിരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ഒരു വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം മാത്രമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കൈ കൊണ്ടടിച്ചെന്ന വകുപ്പുമാത്രമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് സുജിത്തിനെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്.സംഭവത്തില്‍ രണ്ട് ശിക്ഷ പറ്റില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരിക്കുകയാണ്. നാല് പൊലീസുകാരുടെയും പ്രമോഷൻ മൂന്ന് വർഷത്തേക്ക് തടഞ്ഞു. ഇൻക്രിമെന്റ് രണ്ട് വർഷത്തേക്ക് തടഞ്ഞു. അതുകൊണ്ടുത്തന്നെ ഇനിയൊരു വകുപ്പുതല നടപടി സാദ്ധ്യമല്ലെന്നാണ് പൊലീസിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. തുടർനടപടി കോടതി തീരുമാനപ്രകാരം മതിയെന്നാണ് ലഭിച്ച നിയമോപദേശം.