തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയും സുപരിചിതയുമായ നടിയാണ് നിത്യ മേനോൻ

തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയും സുപരിചിതയുമായ നടിയാണ് നിത്യ മേനോൻ. മലയാളത്തിലും തമിഴിലുമായി നിരവധി ഹിറ്റ് സിനിമകളാണ് നിത്യമേനോന്റേതായി പുറത്തു വന്നത്. ചെയ്ത കഥാപാത്രങ്ങൾക്കൊക്കെ നിറഞ്ഞ കൈയ്യടിയാണ് താരം ഏറ്റുവാങ്ങിയിട്ടുള്ളതും.
ഇപ്പോഴിതാ ‘തിരുചിത്രമ്പലം’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വാങ്ങാൻ പോകുന്നതിന് തലേദിവസം മറ്റൊരു സിനിമയുടെ രംഗത്തിനായി ചാണകം കൈകൊണ്ടെടുത്ത അനുഭവമാണ് സിനിമാ വികടന് നൽകിയ അഭിമുഖത്തിലൂടെ നിത്യ വെളിപ്പെടുത്തുന്നത്.”ഇഡ്ഡലി കടൈ” എന്ന ചിത്രത്തിൽ ചാണകവറളിയുണ്ടാക്കാൻ ഞാൻ പഠിച്ചു. അവർ എന്നോട് അങ്ങനെ ചെയ്യാൻ തയ്യാറാണോ എന്ന് ചോദിച്ചിരുന്നു. ഞാൻ പറഞ്ഞു, ‘തീർച്ചയായും’. അങ്ങനെ എന്റെ ജീവിതത്തിൽ ആദ്യമായി ചാണകവറളി ഉണ്ടാക്കാനും അവ വെറും കൈയിൽ ഉരുട്ടാനും പഠിച്ചു”.
ദേശീയ അവാർഡ് വാങ്ങാൻ പോയപ്പോൾ നഖത്തിനടിയിൽ ചാണകത്തിന്റെ അംശം ഉണ്ടായിരുന്നതായും നടി നർമ്മത്തിൽ ഓർത്തെടുത്തു.ധനുഷ് സംവിധാനം ചെയ്ത് നിർമ്മിക്കുന്ന ഒരു ഫാമിലി ഡ്രാമയാണ് ‘ഇഡ്ഡലി കടൈ’. നിത്യ മേനോനും ധനുഷിനും പുറമേ അരുൺ വിജയ്, ശാലിനി പാണ്ഡെ, സത്യരാജ്, പാർത്ഥിപൻ, സമുദ്രക്കനി എന്നിവരും ഇഡ്ഡലി കടൈയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജി.വി. പ്രകാശ് കുമാറാണ് സംഗീതം. 2022-ൽ പുറത്തിറങ്ങിയ ‘തിരുചിത്രമ്പലം’ എന്ന സിനിമയ്ക്ക് ശേഷം ധനുഷും നിത്യ മേനോനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.