മലയാളത്തിന്റെ സ്വന്തം കലാഭവൻ മണിയുടെ ഓർമ്മകൾക്ക് ഒൻപത് വയസ്

1

മലയാളത്തിന്റെ സ്വന്തം കലാഭവൻ മണിയുടെ ഓർമ്മകൾക്ക് ഒൻപത് വയസ്. മണ്ണിൽ ചവിട്ടി നിന്ന് സാധാരണക്കാരായ മനുഷ്യരെ ചേർത്ത് പിടിക്കാനും അവരുടെ കണ്ണീരൊപ്പാനും അവരെ ആനന്ദിപ്പിക്കാനും മനസ് കാണിച്ച അതുല്യ കലാകാരൻ ഇന്നും ജനഹൃദയങ്ങളിൽ മരണമില്ലാതെ തുടരുന്നു. താരപരിവേഷമില്ലാതെ, ആടിയും പാടിയും ചിരിച്ചും ചിരിപ്പിച്ചും സാധാരണക്കാരനായി മണി ജീവിച്ചു. മലയാള സിനിമയിലെ ഓൾ റൗണ്ടർ. അഭിനയം മുതൽ ആലാപനം വരെയും സംഗീത സംവിധാനം മുതൽ എഴുത്ത് വരെയും കലാഭവൻ മണിക്ക് വഴങ്ങി.

കോമഡിയിൽ തുടങ്ങി നായകമായി തിളങ്ങി

ഗൗരവുളള സ്വഭാവ വേഷങ്ങളിലൂടെയും, വ്യത്യസ്തത നിറഞ്ഞ വില്ലൻ കഥാപാത്രങ്ങളിലൂടെയും മണി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമാപ്രേക്ഷകർക്ക് പ്രിയങ്കരനായി. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി. കലാഭവനിലൂടെ മിമിക്രി രംഗത്ത്. പിന്നീട് സിനിമയിലെത്തിയ മണി പ്രേക്ഷകരെ ചിരിപ്പിച്ചു. കരിയിപ്പിച്ചു. അങ്ങനെ, മലയാളികളുടെ ഹൃദയത്തിൽ മണി തന്റേതായൊരിടം നേടി.

സല്ലാപത്തിലെ ചെത്തുകാരന്റെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ പ്രമുഖ സിനിമാ സംവിധായകർ മണിയെ തേടിയെത്തി. വിനയൻ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിൽ മണി നായകനായി.സിനിമ രംഗത്തേ നേട്ടങ്ങളിലേക്ക് വന്നാൽ കഴിവും അർപ്പണബോധവും വന്ന വഴി മറക്കാത്തൊരു മനസുമുണ്ടെങ്കിൽ ഏത് ഉയരവും എത്തിപിടിക്കാമെന്ന്‌ചെറിയ ജീവിതകാലം കൊണ്ട് കലാഭവൻ മണി മലയാളിക്ക് കാണിച്ചുതന്നു. ഓട്ടോക്കാരനായും ചെത്തുകാരനായും വേഷമിട്ട് തുടങ്ങിയ മണി പിന്നെ പൊലീസായി, പട്ടാളക്കാരനായി, ഡോക്ടറായി, കലക്ടറായി. തമിഴിലെയും തെലുങ്കിലെയും സൂപ്പർതാരങ്ങളെ വിറപ്പിച്ച വില്ലനായി. 

ഒരു കോമഡി നടൻ എന്ന നിലയിൽ നിന്നും ദേശീയ സംസ്ഥാന അവാർഡുകൾ വാങ്ങുന്ന താരത്തിലേക്ക് മണി വളർന്നു. നേട്ടങ്ങളുടെ പട്ടിക ഏറെ പൂർത്തീയാക്കനുള്ളപ്പോഴാണ് അപ്രതീക്ഷിതമായി ചാലക്കുടിക്കാരൻ ചെങ്ങാതി വിടവാങ്ങിയത്. 

മറക്കില്ല, ആ സംഗീതം

ചാലക്കുടി മണി കലാഭവൻ മണിയായതും ചെയ്ത വേഷങ്ങളുടെ വൈവിധ്യങ്ങളും പാടിവച്ച പാട്ടുകളും മലയാളി ഒരു വെടിക്കെട്ട് കാണുന്നത് പോലെ കണ്ടിരുന്നു. പത്ത് മലയാളികൾ കൂടുന്നിടത്ത് ഇന്നും മണിയുണ്ട്. ഉന്മാദത്തോടെ അറിഞ്ഞൊന്ന് തുള്ളാൻ മണിപ്പാട്ടുണ്ട്. 

നാടും നാടിൻറെ ശബ്ദവും ആയിരുന്നു മണി. ആയിരങ്ങളെ ആനന്ദത്തിൽ ആറാടിക്കുന്ന പുതുതലമുറ ഗായകരുടെ  മ്യൂസിക് കൺസേർട്ടുകൾ ഇന്ന് നാട് നിറയുമ്പോൾ അതൊക്കെ പണ്ടേ വിട്ട കലാകാരനായിരുന്നു കലാഭവൻ മണി. ഇന്നും ഉത്സവ പറമ്പുകളിലും ഗാനമേള വേദികളിലും മണിയുടെ ഓഡിയൻസ് വേറെ തന്നെയുണ്ട്. കാലം കഴിഞ്ഞിട്ടും മണിയുടെ സംഗീതത്തിൻ്റെ മാജിക്ക് മരിക്കുന്നില്ല.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here