‘കാന്തപുരവുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല, സത്യത്തെ വളച്ചൊടിക്കാൻ ശ്രമം’; തലാലിന്റെ സഹോദരൻ

കോഴിക്കോട്: നിമിഷപ്രിയ കേസിൽ ‘ക്രെഡിറ്റ് വേണ്ടെന്ന’ കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ പ്രസ്താവനക്കെതിരെ വിമർശനവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി. കാന്തപുരമോ ശൈഖ് ഹബീബ് ഉമറോ തങ്ങളുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. സത്യത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്നും ഫത്താഹ് മഹ്ദി പറഞ്ഞു. കാന്തപുരത്തിന്റെ വാദങ്ങൾ തെളിയിക്കാൻ മലയാള മാധ്യമവാര്‍ത്തകളടക്കം പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റിൽ വെല്ലുവിളിച്ചിരിക്കയാണ് ഫത്താഹ്.

യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ ശിക്ഷാ ഇളവിനായി ഇടപെട്ടതിൽ ചിലർ ക്രെഡിറ്റ് സമ്പാദിക്കാനായി എന്തൊക്കെയോ ചെയ്തുവെന്നും നമുക്ക് ക്രെഡിറ്റ് വേണ്ടെന്നുമായിരുന്നു കാന്തപുരം പറഞ്ഞത്.

‘നല്ലവരായ എല്ലാവരും അതിനെ സ്വാഗതം ചെയ്തു. അതിനിടെ ചിലർ ക്രെഡിറ്റ് സമ്പാദിക്കാൻ വേണ്ടി എന്തൊക്കയോ പറഞ്ഞു. നമുക്ക് ആരുടെയും ക്രെഡിറ്റൊന്നും വേണ്ട. അതൊക്കെ അവര് എടുത്തോട്ടെ’എന്നായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.

അതേസമയം നിമിഷപ്രിയയുടെ വധശിക്ഷയെന്ന ആവശ്യത്തിൽനിന്നും പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായും അതിൽനിന്നും പിന്നോട്ട് പോകില്ലെന്നും ഫത്താഹ് മഹ്ദി വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *