നിലമ്പൂരിലെ പുതിയ എംഎൽഎ നാളെ അറിയാം; പാർട്ടി  ക്യാമ്പുകൾ ആത്മവിശ്വാസത്തിൽ

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍. 2,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എം സ്വരാജ് വിജയിക്കും എന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമെ നിഷ്പക്ഷ വോട്ടുകള്‍ കൂടി ഏകീകരിക്കാന്‍ എം സ്വരാജിലൂടെ സാധിക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. യുഡിഎഫിലെ ഷൗക്കത്ത് വിരുദ്ധ വോട്ടുകള്‍ കൂടി എം സ്വരാജിന് ലഭിക്കുമെന്നും നേരിയ മാര്‍ജിനില്‍ വിജയം ഉറപ്പിക്കും എന്നുമാണ് എല്‍ഡിഎഫ് കണക്കുകൂട്ടല്‍.

എന്നാല്‍ 10,000 മുതല്‍ 15,000 വരെ വോട്ടുകളുടെ ഭൂരിപക്ഷമാണ് ആര്യാടന്‍ ഷൗക്കത്തിലൂടെ യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്നാണ് പ്രധാന കണക്കുകൂട്ടല്‍. വഴിക്കടവ് പഞ്ചായത്തില്‍ നിന്ന് മാത്രം 4,000 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. എല്‍ഡിഎഫ് വോട്ടില്‍ പി വി അന്‍വര്‍ വിള്ളല്‍ ഉണ്ടാക്കുമെന്നതും അനുകൂല ഘടകമായി യുഡിഎഫ് കാണുന്നു. അതേസമയം 25,000 വോട്ടുകള്‍ നേടി മണ്ഡലത്തില്‍ ശക്തി തെളിയിക്കും എന്നാണ് അന്‍വര്‍ ക്യാമ്പിന്റെ വിശ്വാസം. പിണറായി വിരുദ്ധ വികാരവും വന്യജീവി സംഘര്‍ഷം ഉള്‍പ്പെടെയുള്ള മണ്ഡലത്തിലെ അടിസ്ഥാന പ്രശ്‌നങ്ങളും കത്രിക ചിഹ്നത്തില്‍ വോട്ടായി മാറും എന്നാണ് പിവി അന്‍വറിന്റെ പ്രതീക്ഷ.

മണ്ഡലത്തില്‍ വലിയ മുന്നോട്ടുപോക്ക് ഉണ്ടാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് എന്‍ഡിഎ ക്യാമ്പും. അഡ്വ. മോഹന്‍ ജോര്‍ജിലൂടെ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിയും എന്നതാണ് എൻഡിഎയുടെ പ്രതീക്ഷ. ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍ നടക്കുക. 263 പോളിങ് സ്റ്റേഷനുകളിലെയും വോട്ടിങ് യന്ത്രങ്ങള്‍ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിച്ചിരുന്നു. നാളെ രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. പെട്ടി പൊട്ടുമ്പോള്‍ നിലമ്പൂരില്‍ ആരു വീഴും ആര് വാഴുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *