നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: 19 നാമനിര്‍ദ്ദേശ പത്രികള്‍, ഇന്ന് സൂക്ഷ്മപരിശോധന

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂഷ്മ പരിശോധന ഇന്ന്. 19 പേരാണ് ഇതുവരെയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നിലമ്പൂരില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് രാഷ്ട്രീയമത്സരമെന്ന് ഇരുമുന്നണികളും അവകാശപ്പെടുന്നതെങ്കിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജും ജെപിപിഎം മുന്നണിയുടെ ലേബലില്‍ മത്സരിക്കുന്ന പി വി അന്‍വറും സജീവമായി രംഗത്തുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്താണ് ആദ്യം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സ്വരാജും അന്‍വറും മോഹന്‍ ജോര്‍ജും തിങ്കളാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

ആര്യാടന്‍ ഷൗക്കത്ത് ഇന്ന് പഞ്ചായത്ത് തല പ്രചാരണ പരിപാടികളിലേക്ക് കടക്കും. രാവിലെ 8.30 ന് പോത്തുകല്‍ പഞ്ചായത്തില്‍ മുസ്ലീം ലീഗിന്റെ ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങളാണ് പര്യടനം ഉദ്ഘാടനം ചെയ്യുന്നത്. കഴിഞ്ഞദിവസം മണ്ഡലത്തില്‍ സംഘടിപ്പിച്ച യുഡിഎഫ് കണ്‍വെന്‍ഷനില്‍ നിന്നും അബ്ബാസ് അലി തങ്ങള്‍ വിട്ടുനിന്നിരുന്നു. സംഭവം വിവാദമായതോടെ നേതൃത്വം ഇടപെട്ടാണ് ഇന്ന് നടക്കുന്ന പരിപാടിയിലേക്ക് അബ്ബാസലി തങ്ങളെ ക്ഷണിച്ചത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ മണ്ഡല പര്യടനവും തുടരുകയാണ്. പ്രചാരണത്തിനായി മന്ത്രിമാര്‍ അടക്കം മണ്ഡലത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീണ്ടും നിലമ്പൂരിൽ എത്തും. മണ്ഡലത്തില്‍ തങ്ങളുടെ അടിസ്ഥാന വോട്ട് നിലനിര്‍ത്തുന്നതിനൊപ്പം ക്രൈസ്തവ വോട്ട് നേടുകയെന്നതാണ് ബിജെപി ലക്ഷ്യം. ഇതിനായി ദേവാലയങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും സന്ദര്‍ശനം. എന്നാല്‍ വാശിയേറിയ തിരഞ്ഞെടുപ്പാണെങ്കില്‍ കൂടി ബിജെപി ഇവിടെ അക്ഷീണം പ്രവര്‍ത്തിക്കുകയുണ്ടായേക്കില്ല. തദ്ദേശ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ആസൂത്രണം ചെയ്ത പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകലായിരിക്കും പ്രഥമ ലക്ഷ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *