സര്‍ക്കാര്‍ ജോലി നഷ്ടപ്പെടുമെന്ന ഭീതിയില്‍ മാതാപിതാക്കള്‍ കാട്ടില്‍ ഉപേക്ഷിച്ച നവജാത ശിശുവിന് അത്ഭുത രക്ഷപ്പെടല്‍

ഭോപ്പാല്‍: സര്‍ക്കാര്‍ ജോലി നഷ്ടപ്പെടുമെന്ന ഭീതിയില്‍ മാതാപിതാക്കള്‍ കാട്ടില്‍ ഉപേക്ഷിച്ച നവജാത ശിശുവിന് അത്ഭുത രക്ഷപ്പെടല്‍. മൂന്ന് ദിവസം മാത്രം പ്രായമുള്ള ശിശുവാണു രക്ഷപ്പെട്ടത്.പിതാവും അധ്യാപകനുമായ ബബ്‌ലൂ ദാന്‍ദോദിയ, അമ്മ രാജ്കുമാരി എന്നിവര്‍ക്കെതിരേ മധ്യപ്രദേശ് പോലീസ് കേസെടുത്തു. ഛിന്ദ്‌വാര ജില്ലയിലാണു സംഭവം.

മധ്യപ്രദേശില്‍ രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്നതില്‍ വിലക്കുണ്ട്. അതു ഭയന്നാണു ബബ്‌ലൂ- രാജ്കുമാരി ദമ്പതികള്‍ കുഞ്ഞിനെ ഉപേക്ഷിച്ചത്.അവരുടെ നാലാമത്തെ കുഞ്ഞാണ് അത്ഭുതകരമായി രക്ഷപ്പെട്ടതെന്നു പോലീസ് അറിയിച്ചു.

നാലാമത്തെ ഗര്‍ഭം ദമ്പതികള്‍ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. കഴിഞ്ഞ മാസം 23നു പുലര്‍ച്ചെയാണു രാജ്കുമാരി വീട്ടില്‍ പ്രസവിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍, കുഞ്ഞിനെ കാട്ടിലേക്കു കൊണ്ടുപോയി പാറക്കടിയില്‍ ഉപേക്ഷിച്ചു. കൊടും തണുപ്പിനെയും ഉറുമ്പുകളെയുമാണ് ആ ആണ്‍കുഞ്ഞ് ആദ്യം അതിജീവിച്ചത്. പ്രഭാതത്തില്‍ കാടിന്റെ നിശബ്ദതയെ ഭേദിച്ചുകൊണ്ടുള്ള കരച്ചില്‍ കേട്ടാണു ഗ്രാമീണര്‍ പരിശോധനയ്‌ക്കെത്തിയത്.

പാറയ്ക്കടിയില്‍ ചോരയൊലിപ്പിച്ചനിലയില്‍ അവര്‍ കുഞ്ഞിനെ കണ്ടെത്തി. ഛിന്ദ്‌വാര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കുഞ്ഞിനെ പ്രാണി കടിച്ചിരുന്നതായും ശരീരതാപം കുറഞ്ഞതായും സ്ഥിരീകരിച്ചു.അവന്റെ അതിജീവനം അത്ഭുതമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഒരു ശിശു രാത്രി മുഴുവന്‍ പുറത്ത് കഴിയുന്നത് മരണത്തിലേക്ക് നയിക്കും.

ഇപ്പോള്‍ കുഞ്ഞ് സുരക്ഷിതനാണ്’ – ഒരു ശിശുരോഗവിദഗ്ധന്‍ പറഞ്ഞു.
മാതാപിതാക്കള്‍ക്കെതിരേ കൊലപാതകത്തിന് അടക്കം കേസെടുക്കുമെന്നു എസ്.ഡി.ഒ.പി. കല്യാണി ബര്‍ക്കടെ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *