സ്വർണക്കൊളളയിൽ പുതിയ നീക്കം; ഉണ്ണികൃഷ്ണൻ പോറ്റിയുമായി പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിലേക്ക്

പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണക്കൊളളയുമായി ബന്ധപ്പെട്ട് അറസ്​റ്റിലായ ഉണ്ണികൃഷ്ണൻ പോ​റ്റിയെ തെളിവെടുപ്പിനായി ബംഗളൂരുവിവേക്ക് കൊണ്ടുപോയി. പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പോ​റ്റിയുമായി ഇന്ന് പുലർച്ചെയോടെയാണ് റോഡുമാർഗം പുറപ്പെട്ടത്. ബംഗളൂരുവിൽ തെളിവെടുപ്പ് നടത്തിയതിനുശേഷം ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും കൊണ്ടുപോകും. സ്വർണപ്പാളികൾ മൂന്ന് സ്ഥലങ്ങളിൽ പ്രദർശിപ്പിച്ച് പണം സമ്പാദിച്ചതായുളള വിവരങ്ങളും പുറത്തുവന്നിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്താനാണ് തെളിവെടുപ്പിനായി ഉണ്ണികൃഷ്ണൻ പോ​റ്റിയെ അന്വേഷണ സംഘം ഇപ്പോൾ കൊണ്ടുപോയിരിക്കുന്നത്.

അതേസമയം, കേസിൽ അറസ്റ്റിലായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ മൊഴിയും നിർണായകമായിരിക്കുകയാണ്. ശബരിമല സ്വർണപ്പാളി രജിസ്റ്ററിൽ ചെമ്പെന്ന് രേഖപ്പെടുത്തിയത് ഉന്നതരുടെ നിർദ്ദേശപ്രകാരമാണെന്നാണ് മുരാരി ബാബുവിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയും നേരത്തേ അന്വേഷണ സംഘത്തിന് സമാന മൊഴിയാണ് നൽകിയത്. ഇതോടെ, സ്വർണക്കൊള്ളയിൽ ദേവസ്വം ഉന്നതർക്കെതിരെയുളള കുരുക്ക് മുറുകിയിരിക്കുകയാണ്.

നിലവിലെ ബോർഡിന്റെ ഇടപെടൽ സഹിതം അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവ്.ഇന്നലെ വൈകിട്ട് ആറിന് റാന്നി ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ മുരാരി ബാബുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കോടതിയിലെ അടച്ചിട്ട മുറിയിൽ വീഡിയോയിൽ പകർത്തിയായിരുന്നു വിചാരണ. ഇന്നലെ കോടതി സമയം കഴിഞ്ഞതിനാൽ ഇന്ന് രാവിലെ പ്രൊഡക്ഷൻ വാറണ്ടിൽ പ്രതിയെ വീണ്ടും ഹാജരാക്കേണ്ട തീയതി പ്രഖ്യാപിക്കും.

ആ ദിവസം അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. കൂട്ടുത്തരവാദികളെ കണ്ടെത്താനും ഓരോരുത്തരുടേയും പങ്ക് അറിയാനും പ്രതിയെ വിശദമായി ചോദ്യം ചെയ്യണമെന്ന് പൊലീസ് ഇന്നലെ അറിയിച്ചു. അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റം നടന്നോയെന്നും പരിശോധിക്കും. വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് കോടതിയിലെത്തിച്ചത്. നേരത്തെ ഉണ്ണികൃഷ്ണൻ പോറ്റിയെ ഹാജരാക്കിയപ്പോൾ ചെരുപ്പേറ് നടന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *