പുതിയ DCC അധ്യക്ഷന്മാരെ തിരഞ്ഞെടുപ്പുകളിൽ മത്സരിപ്പിക്കില്ല

പുതിയ ഡി.സി.സി അധ്യക്ഷന്മാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്താൻ കെ പി സി സി. പുതിയ അധ്യക്ഷന്മാരായി ജില്ലകളിൽ അധികാരത്തിൽ വരുന്ന ആളുകൾ 3 വർഷമെങ്കിലും സംഘടനാ പ്രവർത്തനങ്ങളിൽ പൂർണമായും കേന്ദ്രീകരിക്കണം. മാത്രമല്ല ഇവർക്ക് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കോ മറ്റ് തിരഞ്ഞെടുപ്പുകളിലേക്കോയുള്ള മത്സരരംഗത്തേക്ക് പരിഗണിക്കില്ല. ഇത് കേരളത്തിലെ തീരുമാനം അല്ലെന്നും എ.ഐ.സി.സി നിർദേശം സംസ്ഥാനത്തും നടപ്പിലാക്കുമെന്ന് നേതൃത്വം ചർച്ചയിൽ അറിയിച്ചു.നിലവിൽ അധ്യക്ഷ സ്ഥാനത്ത് ഇരിക്കുന്നവർക്ക് നിബന്ധന ബാധകമല്ല.
അതേസമയം, നിലവിൽ ഡിസിസി അധ്യക്ഷ സ്ഥാനത്ത് ഇരിക്കുന്ന മൂന്ന് കൊല്ലം പിന്നിട്ടവർക്ക് ഈ നിബന്ധന ബാധകമാകില്ലെന്നും കെപിസിസി നേത്യത്വം വ്യക്തമാക്കുന്നുണ്ട്. നേരത്തെ ഡിസിസി അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില മാർഗനിർദേശങ്ങൾ എഐസിസി ആലോചിച്ച് തീരുമാനിച്ചിരുന്നു, ഈ ആലോചനയിൽ ഉയർന്നുവന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നേത്യത്വത്തിന്റെ ഏറ്റവും പുതിയ തീരുമാനം. 9 ജില്ലകളിലെങ്കിലും പുതിയ അധ്യക്ഷന്മാർ വരുമെന്നാണ് നേത്യത്വത്തിന്റെ കണക്കുകൂട്ടൽ. തൃശൂരിൽ ഈ അടുത്തകാലത്താണ് ഡിസിസി അധ്യക്ഷനെ നിയമിച്ചത്. തൊട്ടടുത്ത ജില്ലകളായ എറണാകുളം, മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാർ തുടരുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. അതുകൊണ്ട് ഇവർക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനായി വിലക്ക് ഉണ്ടാകില്ല. പുതിയ അധ്യക്ഷന്മാർക്ക് മത്സര ഇളവ് ഉണ്ടാകില്ലെന്നും നേതൃത്വം വ്യക്തമാക്കി.