സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധിതുടങ്ങിയ തങ്ങളുടെ പ്രധാന നേതാക്കളെ കള്ളക്കേസില്‍ കുടുക്കിക്കൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഭീഷണിപ്പെടുത്തുകയാണ് നരേന്ദ്രമോദി സര്‍ക്കാരെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ. നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം. വഖഫ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച ഖാര്‍ഗെ, ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ‘ബിജെപി-ആര്‍എസ്എസ് ഗൂഢാലോചനയുടെ’ ഭാഗമാണ് നിയമത്തിലെ സമീപകാല ഭേദഗതികള്‍ എന്ന് ആരോപിച്ചു. ബിഹാറിലെ ബക്‌സര്‍, ഡാല്‍സാഗര്‍ സ്റ്റേഡിയത്തില്‍ പാര്‍ട്ടിയുടെ ജയ് ബാപു, ജയ് ഭീം, ജയ് സംവിധാന്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഖര്‍ഗെ.
ഞങ്ങള്‍ ആരെയും ഭയപ്പെടുന്നില്ല, ആരുടെയും മുമ്പില്‍ തലകുനിക്കയുമില്ല. കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. നമ്മുടെ നേതാക്കള്‍ ഭയപ്പെടുന്നില്ല. രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ചവരാണ് നമ്മുടെ നേതാക്കളായ ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും – ഖര്‍ഗെ പറഞ്ഞു.
ബിജെപിയും ആര്‍എസ്എസും ദരിദ്രര്‍ക്കും സ്ത്രീകള്‍ക്കും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും എതിരാണെന്ന് ഖര്‍ഗെ ആരോപിച്ചു. അവര്‍ക്ക് സമൂഹത്തിന്റെ പുരോഗതിക്കായി ചിന്തിക്കാന്‍ കഴിയില്ല. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്നതിലാണ് അവര്‍ വിശ്വസിക്കുന്നത്. പാര്‍ലമെന്റ് പാസാക്കിയ വഖഫ് (ഭേദഗതി) ബില്‍, സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനുള്ള ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഗൂഢാലോചനയാണ് അദ്ദേഹം ആരോപിച്ചു.
ഹിന്ദു – മുസ്ലീം വിഷയങ്ങളെ കുറിച്ച് മാത്രം സംസാരിച്ച് മറ്റ് പ്രധാന വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ മോദിയും ബിജെപി നേതാക്കളും ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.